പോത്തൻകോട്∙ കൊള്ളപ്പലിശയ്ക്ക് നൽകിയ മുപ്പതിനായിരം രൂപ ബന്ധുവിൽ നിന്നു മടക്കി വാങ്ങാൻ ക്വട്ടേഷൻ. സായുധസംഘം മധ്യവയസ്ക്കനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചു. കാലു വെട്ടിയെറിയാനും കഴുത്തിൽ കയർ മുറുക്കി കൊല്ലാനും ശ്രമിച്ചു. പോത്തൻകോട് പള്ളിനടയിൽ എസ്.കെ ബേക്കറി ജീവനക്കാരൻ മുനീർ മൻസിലിൽ നസീമിനാണ് (60) മർദനമേറ്റത്.
ക്വട്ടേഷൻ സംഘത്തിൽപ്പെട്ട അഞ്ചു പേരിൽ പ്രധാനി പോത്തൻകോട് ചിറ്റിക്കര പാറമടയ്ക്കു സമീപം എസ്എസ് ഭവനിൽ സന്തോഷ് (35), കൂട്ടാളികളായ ശരത്, വിഷ്ണു എന്നിവർ അറസ്റ്റിലായി. നസീമിന്റെ ബന്ധുവും പണമിടപാടുകാരനുമായ പോത്തൻകോട് കാരൂർക്കോണം അബ്ബാസ് മൻസിലിൽ ഷുക്കൂറിനെ (65)യും മറ്റൊരാളെയും പിടികൂടാനുള്ള ശ്രമം തുടരുന്നതായി പോത്തൻകോട് പ്രിൻസിപ്പൽ എസ്ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു. ചൊവ്വ വൈകിട്ട് മൂന്നോടെയാണ് സംഭവം. ബേക്കറിക്കു മുന്നിൽ എത്തിയ സംഘം നസീമിനെ ബലമായി ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറ്റി.
അയിരൂപ്പാറയ്ക്കു സമീപത്തു നിന്നു ഷുക്കൂർ ബൈക്കിൽ ഒപ്പമെത്തി. അലിയാവൂർ വട്ടക്കരിക്കകത്ത് ആളില്ലാത്ത കെട്ടിടത്തിൽ നസീമിനെ എത്തിച്ചായിരുന്നു ഒരു മണിക്കൂർ നീണ്ട മർദനം. ഓട്ടോറിക്ഷയിൽ തന്നെ മർദനം തുടങ്ങിയിരുന്നു. കാലിൽ വടം കെട്ടി വലിച്ചിഴച്ചു. കിണറിന്റെ തൂണിൽ തലകീഴായി കെട്ടിത്തൂക്കി തുടയുടെ പിൻ ഭാഗത്ത‌് കമ്പ് ഒടിയും വരെ അടിച്ചു. കാൽ വെട്ടി കിണറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി കത്തി എടുത്തു. കയർ കെട്ടഴിഞ്ഞു നസീം വീണതോടെ ഒരാൾ കയർ കഴുത്തിൽ കെട്ടി മുറുക്കി കൊല്ലാനും ശ്രമിച്ചു.
വൈകിട്ട് അഞ്ച് മണിവരെ മർദനം തുടർന്നു. അടുത്ത ദിവസം ഉച്ചയോടെ പണം തീർത്തു നൽകാമെന്ന് ഷുക്കൂറിന്റെ കാലുപിടിച്ചു കരഞ്ഞു പറഞ്ഞപ്പോഴാണ് പോകാൻ അനുവാദം കിട്ടിയത്. പുറത്തു പറഞ്ഞാൽ ഭാര്യയും മക്കളും ജീവനോടെ കാണില്ലെന്നും വീടു തകർക്കുമെന്നും ഭീഷണിപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു. ശരീരം മുഴുവൻ അടിയും ഇടിയും കൊണ്ട് വീർത്ത നിലയിൽ ഓട്ടോറിക്ഷയിൽ വീട്ടിൽ എത്തിയ നസീമിനെ ബന്ധുക്കൾ ആദ്യം കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് പോത്തൻകോട് സ്റ്റേഷനിൽ പരാതി നൽകിയത്.
30,000 രൂപയ്ക്ക് പലിശ കൊടുത്തത് 72,000 രൂപ
പച്ചക്കറിക്കട നടത്തവേ രണ്ടര വർഷം മുൻപാണ് നസീം ഷുക്കൂറുൽ നിന്നും 30,000 രൂപ മാസം 3,000 രൂപ പലിശ നൽകാമെന്ന ഉറപ്പിൽ വാങ്ങിയത്. രണ്ടു വർഷം മുടക്കമില്ലാതെ പലിശ കൊടുത്തു. കോവിഡ് വ്യാപനം വന്ന് കച്ചവടം നഷ്ടത്തിലായതോടെ ആറു മാസം മുൻപ് പച്ചക്കറിക്കട മതിയാക്കേണ്ടി വന്നു. മൂന്നു മാസമായി പള്ളിവക ബേക്കറിയിൽ ജീവനക്കാരനാണ് നസീം. ആറുമാസത്തെ പലിശ മുടക്കം വന്നതോടെയാണ് ഷുക്കൂർ ഭീഷണിയുമായെത്തിയത്.
മൂന്നു ദിവസം മുൻപ് ക്വട്ടേഷൻ ഏറ്റെടുത്ത സന്തോഷ് നസീമിന്റെ വീട്ടിൽ ഒന്നും എഴുതാത്ത മുദ്രപ്പത്രവുമായെത്തി ഒപ്പിടാൻ ആവശ്യപ്പെട്ടിരുന്നു. നസീം ഇതിനു തയാറായിരുന്നില്ല. നസീമിനെ മർദിച്ച് ഒരു ലക്ഷം രൂപ വാങ്ങാനാണ് ക്വട്ടേഷൻ സംഘം പദ്ധതിയിട്ടതെന്നും പകുതി ഷുക്കൂറിനും പകുതി ഗുണ്ടാ സംഘത്തിനും എടുക്കാൻ ധാരണയുണ്ടാക്കിയതായും പ്രതികൾ പൊലീസിനോടു പറഞ്ഞു