മാന്നാർ:ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തന്റെ വക രണ്ടു ടണ്‍ ഭാരമുള്ള വാര്‍പ്പ്.ആയിരം ലിറ്റര്‍ പാല്‍പായസം തയ്യാറാക്കാനാവുന്ന വെങ്കലവാര്‍പ്പ് സമര്‍പ്പിച്ചത് പാലക്കാട് സ്വദേശി കൊടല്‍വള്ളിമന പരമേശ്വരന്‍ നമ്പൂതിരിയും കുടുംബവുമാണ്.രണ്ടുടൺ തൂക്കവും പതിനേഴര അടി വ്യാസവും ഇരുപത്തിയൊന്നര അടി ചുറ്റളവിലും ഉള്ള ഭീമൻ വാർപ്പ് ഗുരുവായൂരപ്പന് സമർപ്പിക്കാനായി നിർമ്മിച്ചത് മാന്നാറിന്റെ ശിൽപികളാണ്. ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ് തുടങ്ങി കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ സ്വർണ്ണകൊടിമരങ്ങൾ നിർമ്മിച്ച മാന്നാർ പരുമല പന്തപ്ലാ തെക്കേതിൽ കാട്ടുമ്പുറത്ത് അനന്തൻ ആചാരിയും മകൻഅനുഅനന്തനും ആണ് ഈ ഭീമൻ നാലുകാതൻ വാർപ്പിന്റെ ശിൽപികൾ. മൂന്നു മാസത്തോളം നാല്പതോളം തൊഴിലാളികളുടെ പരിശ്രമത്തിലാണ് ആയിരംലിറ്റർ പാൽപ്പായസം തയ്യാർചെയ്യാൻ കഴിയുന്ന കൂറ്റൻ വാർപ്പ് നിർമ്മിച്ചത്. വെങ്കല നിർമ്മാണത്തിൽ പേരുകേട്ട മാന്നാർ ആലക്കൽ രാജന്റെ സഹായത്തോടെയാണ് നിർമ്മാണം പൂർത്തിയായത്. ശുദ്ധമായ വെങ്കലപഴയോടിൽ ആണ് വാർപ്പ് നിർമ്മിച്ചത്. ശക്തമായ മഴയിൽ നിർമ്മാണക്കരാർ ഏറ്റെടുക്കാൻ വൈമനസ്യം കാട്ടിയപ്പോൾ ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ എല്ലാം ഭംഗിയാകും എന്ന ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ വാക്കുകളാണ് നിർമ്മാണത്തിന് ധൈര്യമേകിയതെന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹമാണ് എല്ലാത്തിന്റെയും പിന്നിലെന്നും അനന്തൻ ആചാരി പറഞ്ഞു. ഏഴാം ഉത്സവ ദിവസം രാവിലെ ശീവേലിക്ക്ശേഷം വാർപ്പ് ഗുരുവായൂരപ്പന് സമർപ്പിച്ച ശേഷം ഈ വാർപ്പിൽ പാൽപ്പായസം തയ്യാറാക്കി.