നോർത്ത് സൗണ്ട് (ആന്റിഗ്വ): ലോകകിരീടം ചുണ്ടോടടുപ്പിച്ചു നിൽക്കുകയാണ് ഇന്ത്യ. അതിൽ വിജയചുംബനം നൽകാൻ കഴിയുമോയെന്ന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ ശനിയാഴ്ച ഇംഗ്ലണ്ടിനെ നേരിടും. വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം വൈകീട്ട് 6.30-ന് മത്സരം തുടങ്ങും.
14 ടൂർണമെന്റുകളിലായി എട്ട് ഫൈനൽ കളിക്കുകയും നാല് കിരീടം നേടുകയും ചെയ്ത ഇന്ത്യ അണ്ടർ 19 ലോകകപ്പിൽ ഏറ്റവും നേട്ടം കൈവരിച്ച ടീമാണ്. ഇക്കുറിയും അത് ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റൻ യഷ് ദൂലും സംഘവും. പ്രതിസന്ധികളെ വകഞ്ഞുമാറ്റിയായിരുന്നു ഇന്ത്യൻ മുന്നേറ്റം. കോവിഡ് ബാധിച്ചതിനാൽ യഷ് ദൂലിനും വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദിനും മൂന്ന് ലീഗ് മത്സരങ്ങളിൽ രണ്ടും നഷ്ടമായി. രോഗം ഏറ്റവും അവശനാക്കിയത് ക്യാപ്റ്റനെയാണ്. എന്നാൽ, തിരിച്ചുവന്ന ദൂൽ ഉജ്ജ്വല പ്രകടനത്തോടെ ഇന്ത്യയെ ഫൈനലിൽ എത്തിച്ചു. സെമിഫൈനലിൽ ഓസ്ട്രലേയിക്കെതിരേ അതിഗംഭീര സെഞ്ചുറി നേടി. റഷീദും സെമിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ രണ്ടുപേരുടെ പ്രകടനമാവും ഫൈനലിൽ നിർണായകമാവുക. സെമിയിൽ ഫോമിലല്ലാതിരുന്ന ആംഗ്രിഷ് രഘുവംശിയും ഹർനൂർ സിങ്ങും ഫൈനലിൽ മികച്ച പ്രകടനത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.
പേസർമാരായ രാജ്വർധൻ ഹാംഗർഗേക്കർ, രവികുമാർ, സ്പിന്നർ വിക്കി ഓസ്വാൾ എന്നിവർ മികച്ച ഫോമിലാണ്. ഓസ്വാൾ ഇതുവരെ 12 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു.
1998-ലാണ് ഇംഗ്ലണ്ടിന്റെ ഏക കിരീടധാരണം. അതിനുശേഷം ഇപ്പോഴാണ് ഫൈനലിൽ എത്തുന്നത്. 24 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിക്കാനാവും അവരുടെ ശ്രമം. ഇന്ത്യയെ പോലെ ഇംഗ്ലണ്ടും ഈ ടൂർണമെന്റിൽ തോൽവിയറിഞ്ഞിട്ടില്ല. ക്യാപ്റ്റൻ ടോം പ്രെസ്റ്റിന്റെ തകർപ്പൻ ഫോമാണ് അവരുടെ പ്രതീക്ഷ. പ്രെസ്റ്റ് ഇതുവരെ 292 റൺസ് നേടിക്കഴിഞ്ഞു. ഇടംകൈയൻ പേസർ ജോഷ്വ ബൊയ്ഡനെ ഇന്ത്യ പേടിക്കേണ്ടിവരും. 9.53 ശരാശരിയിൽ 13 വിക്കറ്റുകളാണ് ബൊയ്ഡൻ ഇതുവരെ വീഴ്ത്തിയത്. റിസ്റ്റ് സ്പിന്നർ റെഹാൻ അഹമ്മദും ഇന്ത്യക്ക് ഭീഷണിയാവും