കുടുംബശ്രീ ത്രിതല സമിതി ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് എല്ലാ ജില്ലകളിലും പൂർത്തിയായി. കോവിഡ് വ്യാപനം വർധിച്ചതിനാൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ മാറ്റിവയ്ക്കേണ്ടി വന്ന സി.ഡി.എസ് തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച്ച (ഫെബ്രുവരി18) പൂര്‍ത്തീകരിച്ചു. ഈ ഭാരവാഹികള്‍ തിങ്കളാഴ്ച (21/02/22) ചുമതലയേൽക്കും.
കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ജനുവരിയിൽ തന്നെ സി.ഡി.എസ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി, ഭരണസമിതി ചുമതല ഏറ്റിരുന്നു.
ആകെയുള്ള 1070 സി.ഡി.എസുകളിൽ 1068 ലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി. പാലക്കാട് ജില്ലയിലെ പുതുനഗരം, ഇടുക്കി ജില്ലയിലെ ഇടമലക്കുടി എന്നീ സി.ഡി.എസുകളിൽ മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. പുതുനഗരം സി.ഡി.എസ് തെരഞ്ഞെടുപ്പ് 21 ന് നടക്കും. ഇടമലക്കുടിയിൽ കോവിഡ് വ്യാപനം മൂലമാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുന്നത്.
അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച 733 അയൽക്കൂട്ടങ്ങള്‍, 133 ഊരുസമിതികള്‍, നാല് പഞ്ചായത്ത് സമിതികള്‍ എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ഉള്‍പ്പെടെ സംസ്ഥാനമൊട്ടാകെ 16,55,263 വനിതകള്‍ കുടുംബശ്രീ ത്രിതല സമിതിയുടെ ഭാരവാഹികളാവും.
അയൽക്കൂട്ടതലത്തിൽ 14,16,675 ഉം, എ.ഡി.എസ്തലത്തി 2,14,005 ഉം ഭാരവാഹികളെ കണ്ടെത്തി. സി.ഡി.എസ് തലത്തിൽ 1068 അധ്യക്ഷമാരും 1068 ഉപാധ്യക്ഷമാരും ഉള്‍പ്പെടെ 19,453 ഭാരവാഹികളും. അട്ടപ്പാടിയിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും ഊരുസമിതികളിലും നടത്തിയ തെരഞ്ഞെടുപ്പ് വഴി 5128 വനിതകള്‍ ചുമതലയേറ്റിട്ടുണ്ട്.