പാറശാല∙മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പതിനഞ്ച് ലക്ഷം രൂപ തട്ടിച്ച കേസിൽ അഞ്ച് വർഷത്തിനു ശേഷം പ്രതികൾ പിടിയിൽ. ഇടുക്കി അലങ്കോട് അഞ്ചേരി പുളിയൻ പള്ളിയിൽ വീട്ടിൽ റോബിൻ ജോർജ് (45) ആണ് അറസ്റ്റിലായത്. 2017ൽ പൊഴിയൂർ സ്വദേശിയുടെ മകൾക്ക് മംഗലാപുരത്തുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ എംബിബിഎസിനു അഡ്മിഷൻ തരപ്പെടുത്തി നൽകാം എന്ന് വാഗ്ദാനം നൽകി തുക വാങ്ങി കബളിപ്പിക്കുക ആയിരുന്നു. രണ്ട് വർഷം കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതായതോടെ പണം തിരികെ വാങ്ങാൻ ശ്രമം നടത്തിയെങ്കിലും നൽകിയില്ല.
2020 ഒക്ടോബറിൽ ആണ് പൊഴിയൂർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം തുടങ്ങിയതോടെ പ്രതികൾ ഒളിവിൽ പോയി. കേസിലെ കൂട്ടു പ്രതി കണ്ണൂർ സ്വദേശി ഷഫീർ മറ്റൊരു കേസിൽ കണ്ണൂർ ജയിലിൽ റിമാൻഡിൽ ആണ്. പിടിയിലായവർ കേരളത്തിൽ പലഭാഗത്തും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. പൊഴിയൂർ ഇൻസ്പെക്ടർ കെ.വിനുകുമാർ, എസ്ഐ എസ്.എസ് സജി, എസ്സിപിഒ സിനുജകുമാരി, ശ്രീകുമാർ, ആന്റണി മിറാൻഡ എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതികളെ പിടികൂടിയത്.