*മരിച്ചെന്നു കരുതിയ അമ്മ വീഡിയോകോളില്‍; 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോകിയെ കൂട്ടാന്‍ മകനെത്തും*

തിരുവല്ല: മരിച്ചുവെന്ന് ഉറപ്പിച്ചിരിക്കെ മകനെ തേടിയെത്തിയ വീഡിയോ കോൾ.. മറുതലയ്ക്കൽ 12 വർഷമായി അവന് നഷ്ടപ്പെട്ട സ്വന്തം അമ്മയുടെ മുഖം. നിനച്ചിരിക്കാതെ തിരികെ ലഭിച്ച സൗഭാഗ്യത്തെ ഒപ്പം കൂട്ടാൻ പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് വണ്ടി കയറുകയാണ് കൃഷ്ണനഗറിലുള്ള സൗരവ്.അമ്മയും മകനും തമ്മിലുള്ള 12 വർഷത്തെ ഇടവേള മുറിച്ച്ഇരുവരുടേയും പുനസമാഗമത്തിന് വേദിയൊരുക്കിയത് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആണ്. വീഡിയോകോളിൽ കണ്ട മകനെ ഒന്ന് പുണരാൻ, സ്നേഹം പങ്കുവെയ്ക്കാൻ കണ്ണുനട്ട് കാത്തിരിക്കുകയാണ് ലോകി സർക്കാർ എന്ന അമ്മ.

മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കിടെ ആശുപത്രി വാർഡിൽ നിന്ന് സിസ്റ്റർ ജോയലിന്റെ ഫോണിലൂടെയാണ് ലോകി തന്റെ മൂത്തമകൻ സൗരവിന്റെ മുഖം കണ്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ചയായിരുന്നു അതെങ്കിലും രക്തം രക്തത്തെ തിരിച്ചറിഞ്ഞു. അമ്മയെ കണ്ടെത്താനായി പലസംസ്ഥാനങ്ങളിലും അലഞ്ഞുതിരിഞ്ഞ് ഒടുവിൽ സ്ക്രീനിൽ അമ്മയുടെ മുഖം തെളിഞ്ഞപ്പോൽ സൗരവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, വാക്കുകൾ ഇടറി.

11 മാസമായി ലോകി സർക്കാർ പെരുമ്പാവൂരിലെ ബദനി സ്നേഹാലയത്തിലെ മാനസികാരോഗ്യ ചികിത്സയിലായിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തം പിടിപെട്ടു, കൂടെ പിത്താശായക്കല്ലും. തുടർന്നാണ് പുഷ്പഗിരി മെഡിക്കൽ കോളേജിലെത്തിച്ചത്. ഡോ. മനോജ് ഗോപാലിന്റെ ചികിത്സയും പരിചരണവും ലോകിക്ക് ആശ്വാസമായി. ബംഗാളി മാത്രം സംസാരിക്കുന്ന ലോകിയുമായി കൊൽക്കത്തയിൽ മുൻപ് താമസിച്ചിരുന്ന ഡോക്ടറുടെ ബന്ധു സംസാരിച്ചു. ആരോഗ്യം വീണ്ടെടുത്ത ലോകി നാടിനെ കുറിച്ച്, കുടുംബത്തെ കുറിച്ച് തന്റെ ഭൂതകാലത്തെ കുറിച്ച് സംസാരിച്ചു. ലോകി പറഞ്ഞ സ്ഥലങ്ങൾ ഇന്റർനെറ്റിൽ അന്വേഷിച്ച് തപാൽ അഡ്രസ് കണ്ടെത്തി, ലോകിയുടെ കുടുംബത്തെ കണ്ടെത്തി. തുടർന്ന് നമ്പർ വാങ്ങി മകനെ വീഡിയോ കോളിൽ ബന്ധപ്പെടുകയായിരുന്നു.

മാനസിക നില തെറ്റിയ അവസ്ഥയിലുള്ള ലോകിയെ ഒരു വർഷം മുൻപാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് ബദനി സ്നേഹാലയത്തിലെത്തിച്ചു. മാനസികാരോഗ്യ ചികിത്സ നൽകി വരികയായിരുന്നു. ഇപ്പോൾ മകനേയും നാടിനേയും കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ ലോകിയുടെ രോഗമുക്തിക്ക് വേഗം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെഡിക്കൽ കോളേജിലെ ചികിത്സ പൂർത്തിയായതിനാൽ ലോകിയെ ഞായറാഴ്ച ബദനി സ്നേഹാലയത്തിലേക്ക് തിരിച്ചെത്തിക്കും. അടുത്തയാഴ്ച ലോകിയെ കൂട്ടാൻ സൗരവ് എത്തുമെന്ന് അറിയിച്ചിട്ടുള്ളതും അവിടെയാണ്