വർക്കല : നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വൃക്കരോഗികൾക്ക് ആശ്വാസമായി വർക്കല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിച്ചുതുടങ്ങും. കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. ആധുനിക സജ്ജീകരണത്തോടുകൂടി 10 ഡയാലിസിസ് മെഷീനുകളും കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്. ഡയാലിസിസ് ആവശ്യമായ 68 പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ 2016- 17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ഫെബ്രുവരിയിലാണ് ഡയാലിസിസ് യൂണിറ്റിനു വേണ്ടിയുള്ള ഇരുനിലക്കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നടന്നത്. നാലുകോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. 2021 ഫെബ്രുവരി 16-ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനവും നിർവഹിച്ചു. എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഡയാലിസിസ് ആരംഭിക്കാനായിരുന്നില്ല. ഇതുകാരണം വർക്കല മേഖലയിലെ വൃക്കരോഗികൾ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.
രോഗികളുടെ എണ്ണം വർധിച്ചു
: വർക്കലയിലും സമീപപ്രദേശങ്ങളിലും ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്. നിലവിൽ ഇവർ പ്രധാനമായി ആശ്രയിക്കുന്നത് വർക്കലയിലെ സ്വകാര്യ ആശുപത്രിയെയാണ്. അല്ലെങ്കിൽ ചിറയിൻകീഴ്, ആറ്റിങ്ങൽ താലൂക്കാശുപത്രികൾ, തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ പോകണം. ഇത് ചികിത്സാച്ചെലവിനൊപ്പം യാത്രാച്ചെലവുകളും വർധിക്കുന്നതിനു കാരണമാകും.
ആഴ്ചയിൽ രണ്ടും മൂന്നും ഡയാലിസിസുകൾ വേണ്ടവർക്ക് യാത്ര, സമയനഷ്ടം, കാത്തിരിപ്പ് എന്നിവയ്ക്കൊപ്പം വലിയ സാമ്പത്തിക ബാധ്യതയുമുണ്ടാക്കിയിരുന്നു. പാവപ്പെട്ട രോഗികൾ ഉൾപ്പെടെ ചികിത്സയ്ക്കായി അലയേണ്ട അവസ്ഥയായിരുന്നു.
ഇതിനെല്ലാം പരിഹാരമായാണ് വർക്കല താലൂക്കാശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് അനുവദിച്ചത്. കെട്ടിടം പൂർത്തിയാക്കി ഒരുവർഷമായിട്ടും പ്രവർത്തനം തുടങ്ങാനാകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കി.
കോവിഡ് മൂലമുണ്ടായ പ്രശ്നങ്ങളും ഫണ്ടിന്റെ ലഭ്യതക്കുറവും ആദ്യഘട്ടത്തിൽ പണിയെ ബാധിച്ചു.
വെള്ളം ശുദ്ധീകരിക്കുന്നതിലെ ചില പ്രശ്നങ്ങളാണ് ഒടുവിൽ കാലതാമസമുണ്ടാക്കിയത്. അയൺ, ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കൂടുതലായതിനാൽ വെള്ളം ശുദ്ധീകരിക്കാൻ അധികമായി യന്ത്രങ്ങൾവയ്ക്കേണ്ടിവന്നു.
വെള്ളം നാലാമത് കൾച്ചർ ചെയ്തപ്പോഴാണ് നെഗറ്റീവായത്. നഗരസഭ 12 ലക്ഷം രൂപ കൂടി അനുവദിച്ചതോടെയാണ് ശുദ്ധീകരണി ഉൾപ്പെടെ വാങ്ങി പൂർത്തീകരിക്കാനായത്"