BREAKING NEWS അതിതീവ്ര വ്യാപനം,രണ്ടര ലക്ഷത്തോളം പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് രണ്ടര ലക്ഷത്തോളം പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണിത്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 11,17,531 ആയി.

ഇന്നലെ 2,47,417 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 84,825 പേര്‍ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്-13.11 ശതമാനം.

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 5488 ആയി.

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകീട്ട് 4.30 നാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേരുന്ന യോഗത്തില്‍, വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തും.

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് പുറമെ, പുതിയ വകഭേദമായ ഒമൈക്രോണും രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഈ വര്‍ഷം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ ആദ്യ യോഗമാണിത്. രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ല.

അതേസമയം ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് പ്രതിരോധിക്കുക ലക്ഷ്യമിട്ട് പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയേക്കും.