ദിലീപിൻ്റെ മുൻകൂർ ജാമ്യ ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി, അറസ്റ്റിനുള്ള വിലക്ക് തുടരും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതാണ് ഹർജി മാറ്റാൻ കാരണം. അറസ്റ്റിനുള്ള വിലക്ക് തുടരും. 

ദിലീപ്, സഹോദരൻ പി.ശിവകുമാർ (അനൂപ്), ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു പരിഗണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച, കേസ് ഇന്നത്തേക്കു പരിഗണിക്കാൻ മാറ്റുകയായിരുന്നു.