*നാനോഉപഗ്രഹവിക്ഷേപണത്തി നൊരുങ്ങി ബെംഗളൂരുവിലെസ്‌കൂൾവിദ്യാർഥികൾ*

ബെംഗളൂരു:ഐ.എസ്.ആർ.ഒ.യുടെ സഹകരണത്തോടെ നാനോ ഉപഗ്രഹവിക്ഷേപണത്തിനൊരുങ്ങി ബെംഗളൂരുവിലെ സർക്കാർസ്കൂൾ വിദ്യാർഥികൾ. മല്ലേശ്വരം സ്കൂൾവിദ്യാർഥികളുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ഉപഗ്രഹം തയ്യാറാക്കുന്നതിനും വിക്ഷേപിക്കുന്നതിനുമായി 1.9 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം.

കർണാടക സയൻസ് ആൻഡ് ടെക്‌നോളജിക്കൽ പ്രൊമോഷൻ സൊസൈറ്റി (കെ.എസ്.ടി.ഇ.പി.എസ്.) വഴിയാണ് പദ്ധതി നടപ്പാക്കുക. ഐ.എസ്.ആർ.ഒ.യ്ക്ക് പുറമേ ഇന്ത്യൻ ടെക്‌നോളജി കോൺഗ്രസ് അസോസിയേഷന്റെ (ഐ.ടി.സി.എ.) സഹകരണവുമുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് ഐ.ടി.സി.എ.യുമായി കെ.എസ്.ടി.ഇ.പി.എസ്. ഉടൻ കരാറിലേർപ്പെടുമെന്ന് ഐ.ടി. വകുപ്പുമന്ത്രി അശ്വത് നാരായൺ പറഞ്ഞു. വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്താനും സാങ്കേതികവിഷയങ്ങളിലുള്ള ബോധവത്കരണവുമാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ 75 നാനോ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ദേശീയതലത്തിൽ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണിതെന്നും അശ്വത് നാരായൺ അറിയിച്ചു.
ഉപഗ്രഹവിക്ഷേപണത്തിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധസമിതിക്ക് രൂപംനൽകും. 12 മാസംകൊണ്ട് ഉപഗ്രഹം വിക്ഷേപണത്തിന് സജ്ജമാക്കാനാണ് ലക്ഷ്യം. ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ അംഗീകാരത്തോടെയായിരിക്കും വിക്ഷേപണം