കുടവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പെയിന്റിംഗ് തൊഴിലാളിക്ക് പരിക്കേറ്റു

കല്ലമ്പലം: കാട്ടുപന്നിയുടെ ആക്രമണത്തിൽ പെയിന്റിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. നാവായിക്കുളം കുടവൂർ നന്ദനം വീട്ടിൽ വിജയകുമാറി (59) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. ജോലിക്ക് പോകുമ്പോൾ കൈയിൽ കരുതാറുള്ള ഉച്ചഭക്ഷണം പൊതിയാനായി ഇല വെട്ടാൻ പറമ്പിലേയ്ക്ക് ഇറങ്ങവേയാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. പാഞ്ഞുവന്ന പന്നിയുടെ ആക്രമണത്തിൽ നിലത്തുവീണ വിജയന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായകൾ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട് എറിയാൻ കുനിഞ്ഞ് കല്ലെടുക്കുന്നതിനിടയിലാണ് നായകളുടെ മുന്നാലെ ഓടിവന്ന പന്നി തേറ്റകൊണ്ട്‌ വിജയകുമാറിനെ കോരിയെടുത്തെറിഞ്ഞത് വീഴ്ചയിലാണ് നട്ടെല്ലിനും കാൽമുട്ടിനും പരിക്കേറ്റത്. പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം പതിവായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളില്ല. കഴിഞ്ഞ ആറു മാസത്തിനിടെ 4 ഓളം പേരാണ് കുടവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. വ്യാപകമായി കാർഷിക വിളകളും നശിപ്പിക്കപ്പെടുന്നുണ്ട് . കുടവൂരിലെ കർഷകനായ രവിയും കാൽനടയായി പത്ര വിതരണം ചെയ്യുന്ന ഷാജിയും ഇന്നലെ പന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ്‌ രക്ഷപ്പെട്ടത്.വിജയകുമാറിനെ പന്നി ആക്രമിച്ചതോടെ പ്രദേശത്ത് നാട്ടുകാർ ഭീതിയിലാണ്. ഒറ്റയ്ക്കും കൂട്ടമായും ആക്രമിക്കുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്യുന്ന കാട്ടു പന്നികളെ കൊല്ലാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.