*കൊച്ചി: വൈറ്റിലയില്‍ പുതിയ ട്രാഫിക് പരിഷ്കാരങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച്‌ നാ​ഗരാജു*

കൊച്ചി: വൈറ്റിലയില്‍ പുതിയ ട്രാഫിക് പരിഷ്കാരങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച്‌ നാ​ഗരാജു.വൈറ്റില മേല്‍പ്പാലം തുറന്നുകൊടിത്തിട്ടും ഗതാഗത കുരുക്കിന് പരിഹാരമാകാതെ വന്നതോടെയാണ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്. ജംഗ്ഷനിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് നടപടി. പാലാരിവട്ടം, പൊന്നുരുന്നി റോഡുകളില്‍നിന്ന് ജംഗ്ഷന്‍ കടന്നുപോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും.

പുതിയ പരിഷ്കാരങ്ങൾ ഇവയാണ്:

പാലാരിവട്ടം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ജംഗ്ഷന്‍ കടക്കാനുള്ള പ്രതിസന്ധിയാണ് പ്രധാന പ്രശ്നമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതുകൊണ്ട് പാലാരിവട്ടം ഭാ​ഗത്തുനിന്ന് കടവന്ത്ര, എറണാകുളം ഭാ​ഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വൈറ്റില മേല്‍പ്പാലം കയറി ഡിക്കാത്ലണിനു മുന്‍പിലുള്ള യൂടേണ്‍ എടുത്ത് കടവന്ത്ര ഭാ​ഗത്തേക്ക് പോകണം. ഈ വാഹനങ്ങളെ പാലത്തിന് അടിയിലൂടെ കടത്തിവിടില്ല. ഇങ്ങനെ സഞ്ചരിക്കുമ്ബോള്‍ വൈറ്റിലയില്‍ നഷ്ടപ്പെടുന്ന 12 മിനിറ്റിനു പകരം മൂന്നു മിനിറ്റുകൊണ്ട് എസ്‌എ റോഡില്‍ എത്താം. വാഹനങ്ങളുടെ യൂടേണ്‍ സു​ഗമമാക്കാന്‍ ഡിക്കാത് ലണിന് സമീപം ബാരിക്കേടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാലം ഇറങ്ങി വരുന്ന വാഹനങ്ങള്‍ വലതു വശത്തെ ട്രാക്കിലൂടെ വരുമെന്നതിനാല്‍ പാലം ഇറങ്ങുന്ന മറ്റു വാഹനങ്ങളെ യൂടേണ്‍ ബാധിക്കില്ലെന്നാണ് കണക്കുകൂട്ടല്‍.

പൊന്നരുന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സഹോദരന്‍ അയ്യപ്പന്‍ റോഡുവഴിയും തൃപ്പൂണിത്തുറ റോഡുവഴിയും ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കാവുന്നതാണ്. ഈ വാഹനങ്ങളും ജംഗ്ഷനിലൂടെ കടത്തിവിടില്ല.

പൊന്നുരുന്നി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് എറണാകുളം ഭാഗത്തേക്ക് പോകുന്നതിന് സുഭാഷ് ചന്ദ്രബോസ് റോഡ് ഉപയോഗിക്കാം. ഈ വാഹനങ്ങളും ജംഗ്ഷനിലൂടെ കടത്തി വിടില്ല.

കണിയാമ്പുഴ റോഡില്‍ നിന്നും ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കേണ്ട വാഹനങ്ങള്‍ വൈറ്റില മൊബിലിറ്റി ഹബ്ബ് റ‍ോഡ് വഴിയോ മെട്രോ സ്റ്റേഷന്‍ റോഡ് വഴിയോ പോകണം. ഈ വാഹനങ്ങളും ജംഗ്ഷനിലൂടെ കടത്തി വിടില്ല. കണിയാമ്പുഴയില്‍ നിന്ന് മറ്റു ദിശകളിലേക്കുള്ള വാഹനങ്ങള്‍ക്ക് ജാം​ഗ്ഷനിലൂടെ പോകാം.

പുതിയ പരിഷ്കാരങ്ങള്‍ എറണാകുളം- തൃപ്പൂണിത്തുറ റൂട്ടിലെ വാഹനങ്ങള്‍ സി​ഗ്നല്‍ കാത്തു കിടക്കുന്ന പ്രശ്നത്തിനു പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരാഴ്ചക്കാലം നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ വിലയിരുത്തിയ ശേഷം വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ ഫ്രാന്‍സിസ് ഷെല്‍ബി പറഞ്ഞു.