ആറ്റിങ്ങൽ: കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ഇന്നു മുതൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ ആരംഭിച്ചു. വാക്സിൻ സ്വീകരിക്കേണ്ടവർ 15 മുതൽ 18 വയസിനിടയിൽ പ്രായമുള്ളവരായിരിക്കണം 2007 ഉം അതിനു മുമ്പൊ ജനിച്ചവരെ മാത്രമായിരിക്കും വാക്സിനേഷന് പരിഗണിക്കുന്നത്. ഇവർ ഓൺലൈനിൽ രെജിസ്ടർ ചെയ്ത രേഖകളും അധാറും മൊബൈൽ നമ്പറുമടക്കം വാക്സിൻ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. കൊവിഡ് കൊവാക്സിന്റെ 500 ഡോസുകൾ വിതരണത്തിനായി വാക്സിൻ സെന്റെറിൽ സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, വാർഡ് കൗൺസിലർ എം.താഹിർ എന്നിവർ ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസിനൊപ്പം വാക്സിനേഷൻ സെന്റെർ സന്ദർശിച്ചു. വരും ദിവസങ്ങളിൽ കഴിയുന്നത്ര ഡോസുകൾ ശേഖരിച്ച് വിതരണത്തിന് തയ്യാറാക്കും. കൂടാതെ ഇവിടത്തെ തിരക്ക് നീയന്ത്രിക്കുന്നതിന് വേണ്ടി നഗരസഭ വോളന്റിയർമാരുടെ സേവനവും ഉറപ്പ് വരുത്തുമെന്നും ചെയർപേഴ്സൺ അറിയിച്ചു.