*ആദ്യദിന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍നിന്ന് ദിലീപ് മടങ്ങി*

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ചോദ്യംചെയ്യൽ പൂർത്തിയായി. ക്രൈം ബ്രാഞ്ച് എസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്ന് ദിലീപ് മടങ്ങി.

നാളെയും ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകണം. ആകെ മൂന്നുദിവസത്തേക്കാണ് ചോദ്യംചെയ്യാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും അന്വേഷണം തടസ്സപ്പെടുത്തുന്നത് ചിന്തിക്കുക പോലും ചെയ്യരുതെന്നും ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ മൂന്നുദിവസം ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യാാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രതികൾ രാവിലെ ഒൻപത് മണിക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഇന്ന് ഒമ്പത് മണിക്ക് മുമ്പായി തന്നെ ദിലീപ് ഹാജരായി.

രാത്രി എട്ടുവരെ ചോദ്യംചെയ്യാം. അതായത്, മൂന്നുദിവസങ്ങളിലായി 33 മണിക്കൂർ. ഇതിലൂടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രോസിക്യൂഷൻ വ്യാഴാഴ്ച മുദ്രവെച്ച കവറിൽ ഹൈക്കോടതിയിൽ നൽകണമെന്നും ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു.