തിരുവനന്തപുരം: മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വന്ന പെണ്‍വാണിഭസംഘം അറസ്റ്റിലായി. നടത്തിപ്പുകാരായ മണക്കാട് വാർഡിൽ ആറ്റുകാൽ ദേവീക്ഷേത്രത്തിന് സമീപം ഓട്ടുകാൽവിളാകം വീട്ടിൽ ജലജ (58), കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിന് സമീപം വി.പി തമ്പി റോഡിൽ കൃഷ്ണ മന്ദിരത്തിൽ മനു (36) എന്നിവരുൾപ്പെടെ ഒമ്പതുപേരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
28 വയസ്സുള്ള ആസം സ്വദേശിനിയും പിടിയിലായവരിൽ ഉൾപ്പെടുന്നു. ചാലക്കുഴി റോഡിലെ നിർമല ആശുപത്രിക്ക് സമീപം ഗോകുലം ലോഡ്ജ് വാടകയ്ക്കെടുത്താണ് പെൺവാണിഭം നടത്തിവന്നത്. മൂന്നുലക്ഷത്തിമുപ്പത്തിമൂവായിരം രൂപയും ഇവരിൽ നിന്നു പൊലീസ് പിടിച്ചെടുത്തു.
മെഡിക്കൽ കോളജ് എസ്.എച്ച്.ഒ പി. ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, പ്രിയ, വിജയബാബു, സജു, എ.എസ്.ഐമാരായ ശ്രീകുമാർ, ബിജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.