*കഴിഞ്ഞ ദിവസം ടാറിംഗ് പണികൾ പൂർത്തിയാക്കിയ നഗരസഭ റോഡിൽ കോൺക്രീറ്റ് മിക്സ്ചർ വാഹനം കയറ്റി റോഡ് നശിപ്പിച്ചു*

ആറ്റിങ്ങൽ: നഗരസഭ വാർഡ് 15 ൽ മാമം അയങ്കാളി റോഡാണ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ആവശ്യത്തിന് കോൺക്രീറ്റുമായി എത്തിയ വാഹനം കയറ്റി നശിപ്പിച്ചത്. കാലങ്ങളായി ദുർഘടാവസ്ഥയിൽ ആയിരുന്ന റോഡിന്റെ റീ ടാറിംഗ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പൂർത്തിയായത്. റോഡിന്റെ കരാറുകാരൻ 2 ദിവസത്തേക്ക് വലിയ വാഹനങ്ങൾ കയറ്റരുതെന്ന നിർദ്ദേശവും സ്വകാര്യ വ്യക്തിക്ക് നൽകിയിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ നെപ്റ്റ്യൂൺ എന്ന സ്ഥാപനത്തിന്റെ വലിയ വാഹനം കോൺക്രീറ്റുമായി ടാറിംഗ് ചെയ്ത പാതയിലൂടെ കടന്നുപോകുകയും 250 മീറ്ററോളം ഭാഗത്തെ ടാർ റോഡിൽ നിന്നും ഇളകി മാറുകയും ആയിരുന്നു. തുടർന്ന് വാർഡ് കൗൺസിലർ എം.താഹിറിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞിട്ടു. വിവരമറിഞ്ഞ് എത്തിയ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, സെക്രട്ടറി എസ്.വിശ്വനാഥൻ തുടങ്ങിയവർ പോലീസുമായി സംസാരിച്ചു. റോഡ് നശിപ്പിച്ചതിന് ഉത്തരവാദികൾ ആ ഭാഗം പൂർവ്വസ്ഥിതിയിൽ ആക്കിത്തരേണ്ടതാണ്. നഗരസഭ പൊതുമരാമത്ത് നഷ്ടം സംഭവിച്ചതിന്റെ കണക്ക് നൽകുമ്പോൾ സെക്രട്ടറിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വാഹന ഉടമ ഉടമ്പടിയുണ്ടാക്കി റോഡ് പുനർനിർമ്മിച്ച് തരണം. ഇതിൽ വീഴ്ച വരുത്തുകയാണെങ്കിൽ വാഹന ഉടമക്കും കമ്പനിക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ചെയർപേഴ്സൺ അറിയിച്ചു. ആറ്റിങ്ങൽ പോലീസ് വാഹനം പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടു.