അഞ്ചുതെങ്ങ് കായിക്കര കടവ് പാലം : സാമൂഹിക ആഘാതപഠനത്തിന് അനുമതി.

അഞ്ചുതെങ്ങ് വക്കം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കായിക്കര കടവ് പാലം നിർമിക്കുന്നതിന് സാമൂഹികാഘാത പഠനത്തിന് അനുമതിയായി.

ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി.സാമൂഹികാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിനും നിർവഹണപദ്ധതി തയ്യാറാക്കുന്നതിനും തിരുവനന്തപുരം ആസ്ഥാനമായ പ്ലാനറ്റ് കേരളയ്ക്കാണ് ചുമതല.

സ്ഥാപനം ഒരു മാസത്തിനുള്ളിൽ പഠനം പൂർത്തീകരിക്കണമെന്നും ആറുമാസത്തിൽ അധികമാകരുതെന്നും വിജ്ഞാപനത്തിൽ നിഷ്‌കർഷിക്കുന്നു. കായിക്കരയെയും വക്കത്തെയും ബന്ധിപ്പിക്കുന്നതിന് ടി.എസ്. കനാലിനു കുറുകെ കായിക്കരപ്പാലം നിർമിക്കുന്നതിന് 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകൾക്കു വിധേയമായിട്ടാണ് സാമൂഹികാഘാതപഠനം നടത്തുന്നത്.