മെഡിസെപ് നടപ്പാക്കാൻ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പാക്കുന്നതുസംബന്ധിച്ച് ഉത്തരവിറങ്ങി. പദ്ധതിയുടെ ആനുകൂല്യങ്ങൾ എന്നുമുതൽ ലഭ്യമായിത്തുടങ്ങുമെന്നത് പിന്നീട് അറിയിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കേസുള്ളതിനാൽ കോടതിവിധിക്ക് അനുസൃതമായിട്ടാകും നടപ്പാക്കുക. ഫെബ്രുവരി മുതൽ ആനുകൂല്യങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ആനുകൂല്യങ്ങൾ എന്നുമുതൽ ലഭിക്കുമെന്ന തീയതി പ്രഖ്യാപിക്കും. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിവഴി നടപ്പാക്കുന്ന പദ്ധതിക്ക് 4800 രൂപയും 18 ശതമാനം ജി.എസ്.ടി.യുമാണ് വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്. ആശുപത്രികളുടെ എംപാനലിങ് പൂർത്തിയായാൽ തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാർ വഴിയാകും ഓറിയന്റൽ ഇൻഷുറൻസ് കമ്പനി പദ്ധതി നടപ്പാക്കുക. സംസ്ഥാന ധനകാര്യ വിഭാഗം ഇതുമായി ബന്ധപ്പെട്ട ഏകോപനത്തിനായി ഒരു നോഡൽ സെൽ രൂപവത്കരിക്കും. എംപാനൽ ചെയ്ത ആശുപത്രികളുടെ പട്ടികയ്ക്കൊപ്പം പാക്കേജിനെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ പുറത്തിറക്കും. പരാതികൾ പരിഹരിക്കാൻ ത്രിതല പരാതിപരിഹാര സംവിധാനമൊരുക്കും.

മൂന്നുവർഷത്തെ ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള പ്രീമിയം തുക സർക്കാർ ഓറിയന്റൽ ഇൻഷുറൻസിനു നൽകും. ഇത് മാസം 500 രൂപവീതം ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കും. പ്രീമിയം എന്നുമുതൽ പിടിച്ചുതുടങ്ങുമെന്ന് സർക്കാർ പിന്നീട് അറിയിക്കും. ഇൻഷുറൻസ് കമ്പനിക്കു നൽകേണ്ട പ്രീമിയം കഴിച്ചുള്ള തുക കോർപസ് ഫണ്ടിലേക്കു മാറ്റും. മുൻ എം.എൽ.എ.മാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ഉത്തരവ് പ്രത്യേകമായി ഇറക്കും.

ജനുവരി പത്തുവരെ വിവരം നൽകാം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിലേക്ക് വിവരം നൽകുന്നതിനുള്ള തീയതി ജനുവരി പത്തുവരെ നീട്ടി. തിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ, പരാതികൾ എന്നിവയ്ക്കുള്ള തീയതിയാണ് നീട്ടിയത്. ഇവ പരിഹരിക്കുന്നതിനുള്ള സമയപരിധി ഈമാസം 15 വരെയായി പുതുക്കിനിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷമുള്ള തിരുത്തലുകൾക്കായി പോർട്ടൽ ലോഗിൻ ലഭിക്കില്ല. എൻ.പി.എസ്. പെൻഷൻകാർക്കും സമയ പരിധി ബാധകമാക്കിയിട്ടുണ്ട്.

വിവരങ്ങൾ www.medisep.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കും. സൈറ്റിലെ സ്റ്റാറ്റസ് എന്ന ഓപ്ഷനിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി പരിശോധിക്കണം. തിരുത്തലുകളുണ്ടെങ്കിൽ അതത് ഡി.ഡി.ഒ./നോഡൽ ഓഫീസർക്ക് അപേക്ഷ നൽകണം.

പെൻഷൻകാർ മെഡിസെപ് പദ്ധതിക്കായി ട്രഷറി ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. ഇത്തരത്തിൽ പരിഹരിക്കാനാകാത്ത പരാതികൾ ഡി.ഡി.ഒ.മാർ ശേഖരിച്ച് വകുപ്പുതല നോഡൽ ഓഫീസർമുഖേന നൽകാനും നിർദേശിച്ചിട്ടുണ്ട് കൂട്ടിച്ചേർക്കലുകളോ തിരുത്തലുകളോ ആവശ്യമില്ലാത്ത ജീവനക്കാരുടെ വിവരങ്ങൾ പൂർണമായി പരിശോധിക്കപ്പെട്ടിട്ടുണ്ടോയെന്ന് ഉദ്യോഗസ്ഥരും പെൻഷൻകാരുടെ വിവരങ്ങൾ ട്രഷറി ഓഫീസർമാരും പരിശോധിക്കണം.

മെഡിസെപ് ഐ.ഡി ഉണ്ടാക്കിയശേഷം മരിച്ച ജീവനക്കാർ, പെൻഷൻകാർ എന്നിവരുടെ അംഗത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റദ്ദാക്കാനും നിർദേശിച്ചിട്ടുണ്ട്. നിലവിലുള്ള ആശ്രിതരുടെ വിവരങ്ങൾ ചേർക്കുന്നതിന് ജീവനക്കാർക്കും പെൻഷൻകാർക്കും ഇനി അവസരം ഉണ്ടാകില്ല.