ആറ്റിങ്ങൽ: കോവിഡ് അതിരൂക്ഷ വ്യാപനത്തിൽ ആറ്റിങ്ങൽ താലൂക്ക് ആശുപത്രി പ്രവർത്തനം താളംതെറ്റി. ആശുപത്രിയിലെ ഏഴ് ഓളം ഡോക്ടർമാർക്കും, ആറ് നഴ്സുമാർക്കും , മറ്റ് ആശുപത്രി ജീവനക്കാർക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലെ സ്പെഷ്യലിറ്റി ഒ.പി കളുടെയും ഓപ്പറേഷൻ തീയറ്ററിന്റെയും പ്രവർത്തനം നിർത്തി വച്ചിരിക്കുകയാണ്. നിലയിൽ ഉള്ള ജീവനക്കാരെ കൊണ്ട് ജനൽ ഒ.പിയും , അത്യാഹിതവിഭാഗവും മറ്റ് ആശുപത്രി പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ട് പോവുകയാണ്. കോവിഡ് പരിശോധനയും, വാക്സിൻ വിതരണത്തിന്റെ പ്രവർത്തനങ്ങളും നിലവിൽ ഉള്ള ജീവനക്കാരെ കൊണ്ട് തൽക്കാലം മുടക്കം കൂടാതെ പോകുന്നുണ്ട്. ആശുപത്രിയിലെ സ്പെഷ്യാലിറ്റി ഒ പിയും, ഓപ്പറേഷൻ തീയേറ്ററിന്റെയും പ്രവർത്തനം നിർത്തിവെച്ചത് കാരണം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തിരുവനന്തപുരം ജില്ലയെ "സി " കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. കോവിഡ് പരിശോധനയിൽ രണ്ടിൽ ഒരാൾക്ക് കോവിഡ് രോഗം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ജില്ലയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പൊതുപരിപാടികൾ എല്ലാം തന്നെ ഓൺലൈൻ ആക്കിയിരുന്നു. കല്യാണം മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 20 പേർക്ക് പങ്കെടുക്കാം. സിനിമ തീയറ്ററുകൾ, നീന്തൽക്കുളം, ജിംനേഷ്യം എന്നിവ അടച്ചിടാനും ഇന്നലെ നടന്ന കോവിഡ് അവലോകനയോഗത്തിൽ തീരുമാനിച്ചിരുന്നു.