* ചിറയിൻകീഴ്താലൂക്കാശുപത്രിയിൽ അടിയന്തര *ശസ്ത്രക്രിയകൾക്ക് സംവിധാനം*

അടിയന്തര ശസ്ത്രക്രിയകൾക്കായി ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ താത്കാലികമായി പ്രവർത്തനം ആരംഭിച്ച തിയേറ്റർ*
 ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾക്കുവേണ്ടി താത്കാലിക സംവിധാനമൊരുങ്ങി. ശസ്ത്രക്രിയകൾക്കുവേണ്ടി നിർമിച്ചതും മൂന്നുവർഷം മുൻപ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തതുമായ ബ്ലോക്കിലാണ് സംവിധാനമൊരുക്കിയത്.

ആശുപത്രിയിലെ നിലവിലുള്ള ശസ്ത്രക്രിയാമുറി അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടതിനെത്തുടർന്നാണ് അടിയന്തര ആവശ്യങ്ങൾക്ക് താത്കാലിക സംവിധാനമൊരുക്കിയത്. സിസേറിയൻ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ ഇവിടെ നടത്താനാകും.നിലവിലുള്ള ഓപ്പറേഷൻ തിയേറ്റർ മുറിക്ക് അനുബന്ധമായുള്ള ഡോക്ടർമാരുടെ വിശ്രമമുറി ചോർന്നൊലിച്ച് ജീർണാവസ്ഥയിലായത് കാരണമാണ് തിയേറ്റർ അടച്ചിടാൻ ആശുപത്രി സൂപ്രണ്ട് നിർദേശം നൽകിയത്. എന്നാൽ, ബദൽമാർഗം സ്വീകരിക്കാതെയാണ് തിയേറ്റർ അടച്ചിട്ടതെന്ന് ചൂണ്ടിക്കാട്ടി വിമർശനമുണ്ടായി. പരാതി ശ്രദ്ധയിൽപ്പെട്ട ഡി.എം.ഒ. അടിയന്തരമായി മേൽക്കൂരയിലെ ഷീറ്റുകൾ മാറ്റിയിടാനും മുറി പെയിൻറടിച്ച് ജീർണത പരിഹരിക്കാനും നിർദേശിച്ചു.

തിയേറ്റർ അടച്ചിട്ട് ഒരുമാസത്തോളമായിട്ടും അറ്റകുറ്റപ്പണി തീർത്ത് ഇവിടെ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അധികൃതർ ബദൽ സംവിധാനമൊരുക്കിയത്.അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ നിലവിലെ ശസ്ത്രക്രിയാമുറി തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് അനസ്‌തേഷ്യാ വിഭാഗം മേധാവി ഡോക്ടർ സുൻജിത്ത് രവി പറഞ്ഞു.
ഇപ്പോൾ ആരംഭിച്ച ശസ്ത്രക്രിയാ ബ്ലോക്കിൽ കൂടുതൽ സംവിധാനമൊരുക്കിയാൽ ഇവിടം ശസ്ത്രക്രിയകൾക്കു മാത്രമായി തുടർന്നുപയോഗിക്കാമെന്നും ഡോക്ടർ പറഞ്ഞു.