തമിഴ്നാട്ടിൽ കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

more covid restrictions in tamil nadu due to omicron spreadingചെന്നൈ: ഒമിക്രോൺ വ്യാപനത്തിന്റെ (Omicron) പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ (Tamilnadu)  കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ (Lock Down) പ്രഖ്യാപിച്ചു. 

ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ നിയന്ത്രണങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. ആരാധനാലയങ്ങളിൽ നിയന്ത്രണത്തിനും സ്കൂളുകൾ അടയ്ക്കാനും സാധ്യതയുണ്ട്. 

നിയന്ത്രണങ്ങളുടെ ഭാ​ഗമായി വാളയാർ ഉൾപ്പടെയുള്ള അതിര്‍ത്തികളില്‍ തമിഴ്നാട് പരിശോധന കര്‍ശനമാക്കിയിരുന്നു. രണ്ടു വാസ്കിനെടുത്ത സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ തമിഴ് നാട് യാത്രയ്ക്ക് നിര്‍ബന്ധമാക്കി. ആദ്യ ദിവസങ്ങളില്‍ ആരെയും മടക്കി അയക്കുന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം

സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരോടാണ് ഇപ്പോള്‍ രേഖകള്‍ ആവശ്യപ്പെടുന്നത്. തമിഴ് നാട്ടിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിനെടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂർ വരെ മുമ്പെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ കൈയ്യില്‍ കരുതണം. രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് അതിര്‍ത്തി നിയന്ത്രണം ശക്തമാക്കിയത്. ചരക്കു വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളെന്നിവ പരിശോധന കൂടാതെ കടത്തി വിടുന്നുണ്ട്.