അഞ്ചല്‍: ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ അഞ്ചൽ പ്രദേശത്ത് ആരോഗ്യവകുപ്പും പൊലീസും നിരീക്ഷണം ശക്തമാക്കി. ഏതാനും ദിവസം മുമ്പ് ദുബൈയില്‍ നിന്നും എത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും എത്തിയ ശേഷം ഇദ്ദേഹം ക്വാറന്‍റീന്‍ കൃത്യമായി പാലിച്ചിരുന്നതായും മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലായിരുന്നുവെന്നും ആരോഗ്യ അധികൃതർ വ്യക്തമാക്കി.
നിലവില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് രോഗി. ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം, കിഴക്കന്‍ മേഖലയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം. രാത്രികാല കര്‍ഫ്യു കര്‍ശനമായും നടപ്പിലാക്കും. പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റ്മാരുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധന തുടരും. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അധികൃതര്‍ കർശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.