*ശ്രീചിത്രയിലെ കതിർമണ്ഡപത്തിൽനിന്ന് ശ്രീലക്ഷ്മിയും അശ്വതിയും പുതുജീവിതത്തിലേക്ക്്*

തിരുവനന്തപുരം ശ്രീചിത്രാ ഹോമിൽ വിവാഹിതരായ വിഷ്ണുദത്ത്‌-അശ്വതി, ശ്രീലക്ഷ്മി-വിശാൽ എന്നിവർ ചടങ്ങിനു ശേഷം
തിരുവനന്തപുരം: ശ്രീചിത്രാ പുവർഹോമിലെ രണ്ട് അന്തേവാസികൾ വിവാഹജീവിതത്തിലേക്ക്. ആറു വർഷമായി ചിത്രാ ഹോമിൽ കഴിയുന്ന എം.ശ്രീലക്ഷ്മി, എൽ.ജെ.അശ്വതി എന്നിവരാണ് വ്യാഴാഴ്ച വിവാഹിതരായത്.

പാച്ചല്ലൂർ ഏറുവിളാകത്ത് മേലേവീട്ടിൽ കെ.ബാലചന്ദ്രന്റെ മകൻ ബി.വിശാലാണ് ശ്രീലക്ഷ്മിയുടെ വരൻ. കൊല്ലം പാരിപ്പള്ളി പുത്തൻകുളം കരിംപാലൂർ കാനാതാരിൽ മഠത്തിൽ പരേതനായ എസ്.ആർ.ശ്രീകുമാറിന്റെയും എ.ജയശ്രീയുടെയും മകൻ എസ്.വിഷ്ണുദത്താണ് അശ്വതിക്കു മിന്നുകെട്ടിയത്.

വർമ ഹോംസാണ് യുവതികളുടെ വിവാഹച്ചെലവ് വഹിച്ചത്. അഞ്ചു പവൻ സ്വർണവും വിവാഹവസ്ത്രങ്ങളും സദ്യയും വർമ ഹോംസ് സ്പോൺസർ ചെയ്തു. യുവതികളുടെ പേരിൽ ബാങ്കിൽ 50,000 രൂപയുടെ സ്ഥിരം നിക്ഷേപവും നടത്തി. ശ്രീചിത്രാ ഹോമിന്റെ വകയായി മൂന്നു ലക്ഷം രൂപ വീതവും യുവതികളുടെ പേരിൽ ബാങ്കിൽ സ്ഥിരം നിക്ഷേപമാക്കിയിട്ടുണ്ട്.

ശ്രീചിത്രാ ഹോമിലെ ഓഡിറ്റോറിയത്തിലൊരുക്കിയ കതിർമണ്ഡപത്തിലായിരുന്നു വിവാഹം. ജനിച്ച് രണ്ടു ദിവസം മാത്രമുള്ളപ്പോഴാണ് ശ്രീലക്ഷ്മിയെ കോർപ്പറേഷൻ ജീവനക്കാരനായിരുന്ന വഴയില ആറാംകല്ല് സ്വദേശിയായ കുമാരൻ തങ്കപ്പനും ഭാര്യ മേഴ്‌സിക്കും ലഭിച്ചത്. ആറു വർഷം മുൻപ്‌ ശ്രീചിത്രാ ഹോമിലെത്തിച്ചു. തൈക്കാട് ഗവ. ആർട്‌സ് കോളേജിൽനിന്ന് ഈ 22-കാരി ബി.കോം. ബിരുദം നേടി. പെയിന്റിങ് കോൺട്രാക്ടറാണ് വിശാൽ.

ആറാം ക്ലാസ് മുതൽ ഹോമിലെ അന്തേവാസിയാണ് 24-കാരിയായ അശ്വതി. വരൻ വിഷ്ണുദത്ത് ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. വർമ ഹോംസ് ഉടമ അനിൽ വർമ, ഭാര്യ മിനി വർമ, കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എസ്.സലിൻ, ശ്രീകണ്ഠേശ്വരം കൗൺസിലർ രാജേന്ദ്രൻ, വനിതാ-ശിശുവികസന ജില്ലാ ഓഫീസർ സബീന ബീഗം തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു.