തിരുവനന്തപുരം:ശിവഗിരി തീർത്ഥാടനസമ്മേളന ഓഡിറ്റോറിയം നിർമ്മാണം പൂർത്തിയാക്കുമെന്ന് പ്രമുഖവ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫ് അലി പറഞ്ഞു.ശിവഗിരി തീർത്ഥാടക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഡിറ്റോറിയം നിർമ്മാണത്തിനായി ലുലു ഗ്രൂപ്പ് ഒൻപത് കോടിയോളം രൂപ നൽകിയിട്ടും ഇതുവരെ പൂർത്തിയായില്ല.അതിന്റെ സിമന്റ് തൂണുകൾ ഇൗ നിലയിൽ നിൽക്കുന്നത് കാണുന്നത് വേദനയുണ്ടാക്കുന്നതാണ്. തന്റെ സ്ഥാപനത്തിലെ ടീം ഇവിടെ വന്ന് കാര്യങ്ങൾ നേരിട്ട് വിലയിരുത്തി പദ്ധതി പൂർത്തിയാക്കാൻ വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ശ്രീനാരായണഗുരുവിനെ ആധുനിക കാലത്തെ മഹാനായ ഋഷിവര്യനെന്നാണ് ഫ്രഞ്ച് സാഹിത്യകാരനായ റോമിയൻ റോളൻഡ് വിശേഷിപ്പിച്ചത്.പരിസര ശുചിത്വവും ഹൃദയ വിശുദ്ധിയും ഉണ്ടാകണമെന്നാണ് ഗുരു പഠിപ്പിച്ചത്. എവിടെ ശുചിത്വമുണ്ടോ അവിടെ ഇൗശ്വരനുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഖുറാനിലും പറയുന്നത് അത് തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛഭാരതും അതുതന്നെ.ഹൃദയത്തിൽ വിശുദ്ധിയുണ്ടെങ്കിലേ നമുക്ക് മനുഷ്യനെ കാണാനാവൂ.പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ.യിൽ എത്തിയപ്പോൾ അവിടുത്തെ സുൽത്താൻ മുഹമ്മദ് ബിൻ സയദ് അൽ നഹ് യാനെ വിശേഷിപ്പിച്ചത് സഹോദരനെന്നാണ്. സുൽത്താൻ മോദിയെ കണ്ടതും അങ്ങനെ തന്നെ. ആ മനോഭാവമാണ് മനുഷ്യനെ അടുപ്പിക്കുന്നത്. സ്നേഹമുണ്ടാകുമ്പോഴാണ് മതം മാറിനിൽക്കുക. മോദിയുടെ അഭ്യർത്ഥനയനുസരിച്ചാണ് യു.എ.ഇ.ഭരണകൂടം അബുദാബിയിൽ 35 സ്ഥലത്ത് കൂറ്റൻ ഹിന്ദുക്ഷേത്രം നിർമ്മിക്കാൻ തയ്യാറായത്. മറ്റുള്ളവർക്ക് വിഷമമുണ്ടാകുമ്പോൾ സന്തോഷിക്കുന്ന മനസുള്ളവൻ ഭക്തനല്ല.ഇൗശ്വരവിശ്വാസിയുമല്ല.ഒരു പീഢ എറുമ്പിനും വരരുതെന്നാണ് ഗുരു പറഞ്ഞത്.ഗീതയിൽ ഏകംസത് വിപ്രാ ബഹുധാ വദന്തിയെന്ന് പറഞ്ഞതും ഇതാണ്.എല്ലാ മതങ്ങളും ഹൃദയവിശുദ്ധിയെക്കുറിച്ചാണ് പറയുന്നത്. അത് മറക്കുന്നതാണ് മതത്തിന്റെ പേരിലുള്ള സംഘർഷത്തിന് കാരണം- യൂസഫ് അലി പറഞ്ഞു.