പ്രതി കുറ്റം ചെയ്തത് തനിയെ ആണെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ പറഞ്ഞു. പ്രതിക്ക് കുട്ടി കടത്ത് റാക്കറ്റുമായി ബന്ധമില്ല. പ്രതിക്ക് കുഞ്ഞിന്‍റെ അമ്മയുമായോ കുടുംബവുമായോ ബന്ധമില്ലെന്നും പ്രതിക്കൊപ്പമുളള കുട്ടി അവരുടേത് തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ കുഞ്ഞിനെയാണ് കടത്താന്‍ ശ്രമിച്ചത്. ചികിത്സക്ക് വേണ്ടി കുഞ്ഞിനെ ചോദിച്ചുവന്ന നഴ്‌സിന് കൈമാറുകയായിരുന്നു. എന്നാല്‍ ഏറെ വൈകിയിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് തട്ടിക്കൊണ്ടു പോയതാണെന്ന് മനസ്സിലായത്.
പൊലീസിന്റെ സമയോജിതമായ ഇടപെടലാണ് കുഞ്ഞിനെ മണിക്കൂറുകള്‍ക്കുളളില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചത്. കുഞ്ഞിനെ കാണാതായതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ പൊലീസ് അമ്മയ്ക്ക് കൈമാറി.