ശ്രീകണ്ഠപുരം: കണ്ണൂർ ജില്ലയിൽ "ആർമി' വാഹനങ്ങൾ പെരുകുന്നു. സൈന്യത്തിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമാണ് സ്വകാര്യ വാഹനങ്ങളിൽ "ആർമി' സ്റ്റിക്കർ പതിക്കുന്നത്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും സ്റ്റിക്കർ പതിക്കുന്നത് വ്യാപകമാണ്.
ഗവ. ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ മാത്രമേ സർക്കാരുമായി ബന്ധപ്പെട്ട സ്റ്റിക്കർ പതിക്കാൻ അനുവാദമുള്ളൂവെങ്കിലും അതു ദുരുപയോഗം ചെയ്താണ് സ്വകാര്യ വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നത്. സ്വകാര്യ വാഹനങ്ങളിൽ ‘ആർമി' സ്റ്റിക്കർ പതിക്കുന്നതു നിയമ വിരുദ്ധമാണെന്നും ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമ നടപടി സ്വീകരിക്കുമെന്നും കണ്ണൂർ ആർടിഒ ഉണ്ണികൃഷ്ണൻ പറഞ്ഞു.
റോഡുകളിൽ പോലീസ് പരിശോധന ഒഴിവാക്കിക്കിട്ടുമെന്ന കണക്കുകൂട്ടലിലാണ് ചിലർ വാഹനങ്ങളിൽ ‘ആർമി' സ്റ്റിക്കർ പതിക്കുന്നത്. ഇത്തരക്കാർ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കു വാഹനങ്ങൾ ഉപയോഗിക്കാറുമുണ്ട്. ഒരു വർഷം മുമ്പ് അഞ്ച് ലിറ്റർ ചാരായം കടത്തുന്നതിനിടെ ‘ആർമി' സ്റ്റിക്കർ പതിച്ച കാറുമായി സൈനികനെ ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൂന്നു മാസം മുമ്പു മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനു യുവാവിനെ മയ്യിൽ പോലീസ് പിടികൂടിയിരുന്നു. ‘ആർമി' സ്റ്റിക്കർ പതിച്ച് അപകടകരമാം വിധം എത്തിയ കാർ പാവന്നൂരിൽ വച്ചു നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നു മയ്യിലിൽ വച്ച് കാർ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തപ്പോൾ തന്റെ പിതാവ് സൈനികനാണെന്നാണ് ഇയാൾ പോലീസിനു മൊഴി നൽകിയത്. ഇതേത്തുടർന്ന് ഇയാളെ പോലീസ് വിളിച്ചു വരുത്തിയപ്പോൾ ‘ആർമി' വാഹനം എങ്ങനെയാണ് നിങ്ങൾ കസ്റ്റഡിയിലെടുത്തതെന്നാണ് ഇയാൾ പോലീസിനോടു ചോദിച്ചത്.