സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിലച്ചത്. അതേസമയം കടകള്‍ അടച്ചിട്ടാല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് റേഷന്‍ കട ഉടമകള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.ഡേറ്റ സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങിയിരുന്നു. സെര്‍വറിലെ തകരാര്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്നും തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം റേഷന്‍ കടകള്‍ ഉടമസ്ഥര്‍ അടച്ചിട്ടിരുന്നു.99.81 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതാണ് കഴക്കൂട്ടം ടെക്‌നോ പാര്‍ക്കിലെ ഡേറ്റ സെന്റര്‍. ഇവിടെയുണ്ടായ തകരാര്‍ മൂലമാണ് റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്‍ കൃത്യമായി പ്രവര്‍ത്തിക്കാതായത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇ-പോസ് സംവിധാനത്തില്‍ പലപ്പോഴായി തകരാര്‍ സംഭവിക്കുന്നത് കടയുടമകള്‍ പരാതി ഉന്നയിച്ചിരുന്നു.