*വർക്കല സി.പി.എം. വിട്ട് സി.പി.ഐ.യിൽ എത്തിയവർക്ക് സ്വീകരണം*

വർക്കലയിൽ സി.പി.എം. വിട്ട് സി.പി.ഐ.യിൽ ചേർന്നവരെ സി.പി.ഐ. വർക്കല ഓഫീസിൽ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
വർക്കല: വർക്കലയിൽ സി.പി.എം. ബന്ധമുപേക്ഷിച്ച് സി.പി.ഐ.യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ എഫ്.നഹാസിന്റെ നേതൃത്വത്തിലാണ് സി.പി.എം. പ്രവർത്തകർ സി.പി.ഐ.യിൽ ചേർന്നത്.

സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ നേതൃത്വത്തിൽ സി.പി.ഐ. ഓഫീസിൽ പ്രവർത്തകരെ സ്വീകരിച്ചു. മത്സ്യത്തൊഴിലാളി നേതാക്കളുൾപ്പെടെ 147 പേർ സി.പി.എം. വിട്ട് സി.പി.ഐ.യിൽ ചേർന്നതായി എഫ്.നഹാസ് അറിയിച്ചു.

സി.പി.ഐ. മണ്ഡലം സെക്രട്ടറി വി.മണിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണയോഗത്തിൽ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം മനോജ് ഇടമന, ജില്ലാ കൗൺസിൽ അംഗം വി.രഞ്ജിത്ത്, ജില്ലാപ്പഞ്ചായത്തംഗം ഗീതാ നസീർ, ജയൻ, ഷിജു അരവിന്ദൻ എന്നിവർ സംസാരിച്ചു. എഫ്.നഹാസിനെക്കൂടാതെ സി.പി.എം. ലോക്കൽ കമ്മിറ്റിയംഗങ്ങളായ ജയൻ, അഡ്വ. ഫാത്തിമ, വർക്കല സർവീസ് സഹകരണബാങ്ക് ബോർഡംഗം മഹീന്ദ്രൻ, മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കളായ നബീൽ വഹാബ്, അസ്‌ലം, സലിം, എം.ഹാരിസ് തുടങ്ങിയവരും പ്രവർത്തകരുമാണ് സി.പി.ഐ.യിൽ ചേർന്നത്.

കഴിഞ്ഞ സി.പി.എം. വർക്കല ഏരിയാ സമ്മേളനത്തിൽ എഫ്.നഹാസിനെ ഏരിയാ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് സമ്മേളനഹാളിനു പുറത്ത് സംഘർഷമുണ്ടായി. പിന്നീട് നഹാസ് ഉൾപ്പെടെ അഞ്ചുപേരെ സി.പി.എം. സസ്‌പെൻഡും ചെയ്തു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയാണ് എഫ്.നഹാസ് പാർട്ടിവിടുന്ന വിവരം അറിയിച്ചത്. ഇടതുപക്ഷത്ത് ഉറച്ചുനിന്ന് പ്രവർത്തിക്കുമെന്ന നിലപാട് സ്വീകരിച്ചാണ് സി.പി.ഐ. യിലെത്തിയത്. വർക്കല, ഇടവ മത്സ്യമേഖലയിലുള്ള പ്രവർത്തകരാണ് നഹാസിനൊപ്പം പാർട്ടിവിട്ടവരിൽ അധികവും