യാത്രാ ദുരിതത്തിന് അറുതി കായിക്കര കടവിൽ പാലം യാഥാർത്ഥ്യമാകും.

അഞ്ചുതെങ്ങ് വക്കം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കായിക്കര കടവ് പാലം നിർമ്മിക്കുന്നതിനായുള്ള സാമൂഹികാഘാത പഠനത്തിന് അനുമതിയായി. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങി. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന വിജ്ഞാപനമാണ് ഇറങ്ങിയിട്ടുള്ളത്. പഠനം പൂർത്തിയാകുന്നതോടെ പാലം നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കും.

സാമൂഹികാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിനും, നിർവഹണ പദ്ധതി തയ്യാറാക്കുന്നതിനുമായി തിരുവനന്തപുരം ആസ്ഥാനമായ പ്ലാനറ്റ് കേരളയ്ക്കാണ് ചുമതല നൽകിയിട്ടുള്ളത്. ഒരു മാസത്തിനുള്ളിൽ പഠനം പൂർത്തീകരിക്കണമെന്നും, ആറുമാസത്തിലധികമാകരുതെന്നും വിജ്ഞാപനത്തിൽ പറയുന്നു.

കായിക്കര, വക്കം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ടി.എസ് കനാലിന് കുറുകെ കായിക്കര പാലം നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായിട്ടാവണം സാമൂഹികാഘാതപഠനം നടത്തേണ്ടതെന്നും പഠനത്തിൽ പറയുന്നു.

▪️ഫണ്ടും റെഡി.

പാലം നിർമാണത്തിനായി കിഫ്ബി ഫണ്ട് 28 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 232,2 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മാണം രൂപകല്പന ചെയ്തിട്ടുള്ളത്. രണ്ടു വശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. പാലത്തിലേക്ക് അപ്രോച്ച് റോഡ് നിർമ്മാണത്തിനായി വക്കം, കായിക്കര വില്ലേജിൽ 2.02 ഏക്കർ ഭൂമി ഭൂമി ഏറ്റെടുക്കേണ്ടതായുണ്ട് .

 കായിക്കര പ്രദേശത്ത് 248 മീറ്ററും വക്കത്ത് 188 മീറ്ററുമാണ് അപ്രോച്ച് റോഡ് നിർമ്മിക്കുക. കായിക്കര കുമാരനാശാൻ സ്മാരകത്തേയും, ഐ.എൻ.എ വക്കം ഖാദർ സ്മാരകത്തേയും ബന്ധിപ്പിക്കുന്നതാണ് പാലത്തിന്റെ പ്രധാന സവിശേഷത.

യാത്രാക്ലേശത്തിനും പരിഹാരംപാലം നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുന്നതോടെ കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിലുള്ള ജനങ്ങൾക്ക് തീരദേശത്തേക്ക് പെട്ടെന്ന് എത്താൻ കഴിയും. തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ്, വക്കം പ്രദേശങ്ങളിലെ മുതലപ്പൊഴി, അഞ്ചുതെങ്ങ് കോട്ട, ആശാൻ സ്മാരകം, വക്കം ഖാദർ സ്മാരകം, പൊന്നും തുരുത്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരികളുടെ വരവും പാലം യാഥാർത്ഥ്യമാകുന്നതോടെ സുഗമമാകും.