അതേസമയം, മര്‍ദനമേറ്റ യാത്രക്കാരന്‍ ട്രെയിനില്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് പാലക്കാട് സബ് ഡിവിഷല്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കി. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനെ മാറ്റാന്‍ നിര്‍ദേശിച്ചത് ടിടിഇയാണ്. മര്‍ദിച്ചത് തെറ്റെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ എസ്പി ചൈത്രാ തെരേസാ ജോണിനാണ് റിപ്പോര്‍ട്ട് നല്‍കിയത്.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.
ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത യാത്രക്കാരനെ, സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റിലേക്ക് പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടി പുറത്താക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കയ്യിലുള്ള ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ട പൊലീസ്, യാത്രക്കാരന്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ശേഷം വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടു. മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.