തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര വിദ്യാദി രാജ നഗറിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരൻ സുരേഷിനെ (41) പൂജപ്പുര പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥനാണ് സുരേഷ്. സുരേഷിന്റെ സഹോദരി നിഷയെ (37) കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വത്തിനു വേണ്ടിയാണ് ഇയാൾ സഹോദരിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. നിഷയെ ഇയാൾ ഒൻപതാം തീയതി ക്രൂരമായി മർദിച്ചെന്ന് പോലീസ് പറയുന്നു. നിഷയെ അടുത്ത ദിവസം ഇയാൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. നിഷ വീട്ടിലെ കുളിമുറിയിൽ വീണ് പരിക്കേറ്റെന്നാണ് ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നത്. പ്രാഥമിക ചികിത്സയ്ക്കുശേഷം തിരികെ നിഷയെ വീട്ടിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച മരിച്ചു.
ഒരുമാസം മുൻപാണ് പൂജപ്പുര വിദ്യാധിരാജ നഗറിൽ വി.ആർ.എൻ.എ. 191 എന്ന വീട്ടിൽ വാടകയ്ക്കു ഇവർ താമസിക്കാനെത്തിയത്. വെള്ളിയാഴ്ച രാവിലെ സഹോദരിയെ ആശുപത്രിയിൽ എത്തിക്കണമെന്നു പറഞ്ഞ് ഇയാളുടെ സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചുവരുത്തിയിരുന്നു. രാവിലെ വീട്ടിൽ ബഹളം കേട്ടിരുന്നതായി അയൽവാസികളും പറഞ്ഞു. സുഹൃത്തുക്കൾ ആംബുലൻസുമായി എത്തുമ്പോൾ നിഷ ബോധമില്ലാതെ തറയിൽ കിടക്കുന്നതാണ് കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഇവരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. പോലീസെത്തി പരിശോധിച്ച് ഇവരുടെ മരണം ഉറപ്പ് വരുത്തുകയും സുരേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സുരേഷ് മദ്യത്തിന് അടിമയാണ് എന്ന് പോലീസ് പറയുന്നു.
ശനിയാഴ്ച മൃതദേഹo പരിശോധനാഫലം ലഭിച്ചതോടെയാണ് തലയ്ക്കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമാകുന്നത്. മുഖവും തുടയും അടിച്ചുതകർത്തതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ഇതിനു പിന്നാലെ സുരേഷിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകമെന്ന് സമ്മതിച്ചത്. തടിക്കഷണം ഉപയോഗിച്ച് നിഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൂജപ്പുര പോലീസ് പറയുന്നു.