*കുട്ടിപ്പള്ളിക്കൂടം തയ്യാറാക്കി വീണ്ടും കുട്ടിപ്പൊലീസ്*

വിതുര പള്ളിപ്പുര കരിക്കകം ,ഈട്ടിമൂട് സെറ്റിൽമെന്റിൽ  സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ തയ്യാറാക്കിയ പുതിയ കുട്ടിപ്പള്ളിക്കൂടവും കരിയർ സ്റ്റുഡിയോയും തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്.പി. ശ്രീ. ഇ. എസ്.ബിജുമോൻ ഉൽഘാടനം ചെയ്തു. വിതുര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മഞ്ജുഷ ആനന്ദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. എസ്.എൽ.കൃഷ്ണകുമാരി മുഖ്യാഥിതിയായി പങ്കെടുത്തു.തിരുവനന്തപുരം റൂറൽ നർകോട്ടിക് ഡി. വൈ.എസ്.പി.ശ്രീ.വി.റ്റി. രാസിത്ത് ഓൺലൈൻ പഠന സംവിധാനം സ്വിച് ഓൻ ചെയ്തു.

 ലോക്ക്ഡൗൻ കാലത്ത് വിതുര ഗ്രാമ പഞ്ചായത്തിലെ വിവിധ സെറ്റിൽമെന്റുകളിൽ വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകാനായി വിതുര ഗവ.വൊക്കേഷണൽ & ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി വിതുര ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ കുട്ടിപ്പള്ളിക്കൂടം പദ്ധതി സംസ്ഥാനത്തെ മികച്ച ഒരു അതിജീവന മോഡലായി മാറിയിരുന്നു. ലോക്ക്ഡൗൻ സമയത്തു സംസ്ഥാനത്തെ സ്‌കൂളുകൾ അടഞ്ഞു കിടന്നപ്പോഴും കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിതുരയിലെ കുട്ടിപ്പള്ളിക്കൂടങ്ങളിൽ പഠനം തടസ്സമില്ലാതെ നടന്നിരുന്നു. കോവിഡ് മാറി സ്‌കൂളുകൾ തുറന്നപ്പോഴും കുട്ടിപ്പള്ളിക്കൂടങ്ങളുടെ പ്രവർത്തനം മുടങ്ങാതെ  നടന്നു വരുന്നു.കല്ലുപാറ,കൊങ്ങാമരത്തിൻമൂട്,ഇലവിന്മൂട് എന്നീ സെറ്റിൽമെന്റുകൾക്ക് പുറമെ ഇപ്പോൾ പള്ളിപ്പുര കരിക്കകത്തിലെ ഈട്ടിമൂട് സെറ്റിൽമെന്റിൽ കൂടി പുതിയ കുട്ടിപ്പള്ളിക്കൂടവും കരിയർ സ്റ്റുഡിയോയും ആരംഭിച്ചിരിക്കുകയാണ് വിതുര സ്‌കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ. 

വിതുര ജനമൈത്രി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ.എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരും കുട്ടിപ്പള്ളിക്കൂടങ്ങൾക്ക് പിന്തുണയും മേൽനോട്ടവും നൽകി വരുന്നു.

അധ്യാപകനും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ ശ്രീ. കെ.അൻവറിന്റെ നേതൃത്വത്തിലാണ് കുട്ടിപ്പള്ളിക്കൂടം തയ്യാറാക്കിയത്.വാർഡംഗം ശ്രീമതി.മഞ്ജുഷ ആനന്ദ്‌ ആണ് രക്ഷാധികാരി

 കുട്ടികൾക്ക് പഠന പിന്തുണ നൽകാനായി ആരംഭിച്ച കുട്ടിപ്പള്ളിക്കൂടങ്ങളിൽ  ഇപ്പോൾ കരിയർ സ്റ്റുഡിയോയും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും കരിയർ ഗൈഡൻസ് , വിവിധ വിഷയങ്ങളിലുള്ള ബോധവൽകരണം എന്നിവ നൽകി വരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വായന പരിപോഷിപ്പിക്കുന്നതിനായി വയനാമുറിയും ലൈബ്രറിയും സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു. വനജ്യോതി പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടിപ്പള്ളിക്കൂടങ്ങളിൽ താത്കാലിക അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. ഐ.റ്റി. ഡി.പി ഡിപ്പാർട്ട്‌മെന്റ്, വനം വകുപ്പ് എന്നിവയും കുട്ടിപ്പള്ളിക്കൂടങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്.

പള്ളിപ്പുര കരിക്കകത്തു നടന്ന പുതിയ കുട്ടിപ്പള്ളിക്കൂടം ഉൽഘാടന ചടങ്ങിൽ വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ.എസ്.ശ്രീജിത്ത്, എസ്.പി.സി യുടെ ജില്ലാ അസി.നോഡൽ ഓഫീസർ ശ്രീ.അനിൽ കുമാർ ടി. എസ്,വാർഡ് അംഗങ്ങളായ ശ്രീ.എസ്.രവികുമാർ ,ശ്രീമതി.സുനിത എസ് ഊരുമൂപ്പൻ കതിരൻ കാണി,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ശ്രീമതി. പ്രിയ നായർ, അധ്യാപകനായ ശ്രീ.ബിനുകുമാർ,
 എസ്.പി.സി.ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ.അന്സറുദ്ധീൻ,ശ്രീമതി.സിന്ധു,തുടങ്ങിയവർ പങ്കെടുത്തു