കലാപ്രകടനങ്ങളിലൂടെയും മറ്റും നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് കുട്ടികളുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ അത്യുന്നതങ്ങളിൽ എത്തുന്നവരുമുണ്ട്. അത്തരത്തിൽ ബുക്ക് ഒഫ് റെക്കോർഡുകൾ നേടിയെടുത്ത ആദവ് ജിത്ത് എന്ന കൊച്ചുമിടുക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
വെറും ഒരു വയസും എട്ട് മാസവും പ്രായം ഉള്ളപ്പോഴാണ് ആദവ് നേട്ടം കൈവരിച്ചത്. കോട്ടപ്പടി പിള്ളക്കാട് സ്വദേശി പ്രജിത്തിന്റെയും ചേർത്തല കടക്കരപ്പള്ളി സ്വദേശിനി സൗമ്യശ്രീയുടെയും മകനാണ് ആദവ്. വളരെ ചെറുപ്പത്തിൽ തന്നെ ഓരോ കാര്യത്തെക്കുറിച്ചും കൃത്യമായി അറിയാൻ കുട്ടി വലിയ താത്പര്യം കാണിച്ചിരുന്നു. ഇത് മാതാപിതാക്കൾ മനസിലാക്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
രണ്ട് മിനിട്ട് 41 സെക്കൻഡിൽ 52 മൃഗങ്ങളുടെ പേരുകൾ പറഞ്ഞുകൊണ്ടാണ് ആദവ് ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡിൽ ഇടം പിടിച്ചത്. ഏറ്റവും ചെറിയ പ്രായത്തിൽ, ഏറ്റവും കൂടുതൽ ഇംഗ്ലീഷ് പദങ്ങൾ തിരിച്ചറിഞ്ഞതിനാണ് കുട്ടിക്ക് കലാം വേൾഡ് റെക്കോർഡ് നൽകിയത്.A മുതൽ Z വരയുള്ള അക്ഷരങ്ങൾ ഉപയോഗിച്ച് പ്രതിദിനം ചെയ്യുന്ന കാര്യങ്ങൾ ഒരു മിനിട്ട് നാല് സെക്കൻഡിൽ പറഞ്ഞതിന് ആണ് വേൾഡ് റെക്കോർഡ് ഒഫ് ഇന്ത്യയുടെ അവാർഡ് ഈ മിടുക്കൻ സ്വന്തമാക്കിയത്. അടുത്തതായി ഏഷ്യൻ ബുക്ക് ഒഫ് റെക്കോർഡ്‌സ് നേടാനുള്ള കഠിന ശ്രമത്തിലാണ് ആദവ്"