ഒറ്റപ്പെട്ട് താമസിക്കുന്ന വയോജനങ്ങള്‍ക്ക് ചികിത്സയും സംരക്ഷണവും ഉറപ്പു വരുത്താന്‍ സര്‍ക്കാരിന്റെ 'വയോരക്ഷ' പദ്ധതി
▪️ലക്ഷ്യം
സാമൂഹിക സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വയോരക്ഷ പദ്ധതി നടത്താന്‍ ഉദ്ദേശിക്കുന്നത്.
ആരുടേയും തുണയും കരുതലും സഹായവുമില്ലാതെ ജീവിക്കുന്നതും, ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതും, പങ്കാളികള്‍ മരണപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കുന്നതുമായ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുക, വയോജനങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തുക, കെയര്‍ ഗിവര്‍മാരുടെ സഹായം ഉറപ്പുവരുത്തുക, അത്യാവശ്യഘട്ടങ്ങളില്‍ നിയമ സഹായങ്ങള്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.
ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നേതൃത്വത്തില്‍ അതാത് ജില്ലയിലുള്ള വയോജനങ്ങള്‍ക്ക് അടിയന്തിരമായ സഹായം നല്‍കുന്നതോടൊപ്പം അവര്‍ക്ക് സ്ഥിരവും സന്തോഷകരവുമായ ജീവിതസാഹചര്യം ഉറപ്പാക്കുക എന്നതും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.
അപകടത്തില്‍ പരുക്കേറ്റവര്‍, അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമായവര്‍, കോവിഡ് ചികിത്സവേണ്ടവര്‍, ആരോഗ്യ പരിരക്ഷാ ഉപകരണങ്ങള്‍ വാങ്ങേണ്ടവര്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ധനസഹായം ലഭിക്കും.
പ്രകൃതി ദുരന്തത്തിനിരയാകുന്നവര്‍ക്കും സംരക്ഷണം ലഭിക്കും. 25000 രൂപ വരെയുള്ള സഹായം ജില്ലാ സാമൂഹിക നീതി ഓഫിസറുടെ തീരുമാന പ്രകാരം ലഭിക്കും.
രണ്ടു ലക്ഷം രൂപ വരെയുള്ള സഹായങ്ങള്‍ ജില്ലാ സമിതിയുടെ അംഗീകാരത്തോടും അതിനു മുകളിലുള്ള ധനസഹായം സര്‍ക്കാര്‍ ഉത്തരവ് പ്രകാരവും വയോജനങ്ങള്‍ക്ക് ലഭിക്കും.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സഹായം ലഭിക്കുന്നതെങ്കിലും അടിയന്തര വൈദ്യ സഹായം ആവശ്യമുള്ള വയോജനങ്ങള്‍ക്കും സഹായം ലഭിക്കും.
▪️നിബന്ധനകള്‍
a) BPL കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രസ്തുത സേവനം ലഭ്യമാക്കാവുന്നതാണ്.
b) അടിയന്തിര പ്രാഥമിക ശുശ്രൂഷ നല്‍കല്‍, അടിയന്തിര ശസ്ത്രക്രിയ, കോവിഡുമായി ബന്ധപ്പെട്ടുള്ള ചികിത്സ, ആംബുലന്‍സ് സേവനം, പുനരധിവാസം, കെയര്‍ ഗിവര്‍മാരുടെ സഹായം, വയോജനങ്ങള്‍ക്ക് ഉപയോഗ്യമായ അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങുക എന്നിവയ്ക്ക് തുക വിനിയോഗിക്കാം.
c) ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന മുതിര്‍ന്ന പൗരന്മാരെയോ അലഞ്ഞുതിരിഞ്ഞു കാണപ്പെടുന്ന മുതിര്‍ന്ന പൗരന്മാരെയോ സുരക്ഷിതമായ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുന്നതിനും ആയതിനു മുന്‍പായുള്ള മെഡിക്കല്‍ പരിശോധനയ്ക്കും ഭക്ഷണത്തിനും സേവനം ലഭ്യമാകും.
d) പ്രകൃതി ദുരന്തത്തിനിരയാകുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര വൈദ്യസഹായം, ഭക്ഷണം എന്നിവ നല്‍കുന്നതിനു പദ്ധതി പ്രകാരം സേവനം ലഭ്യമാകും.
e) മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ മറ്റ് ഗുരുതരമായ അപകടം, പൊള്ളല്‍ ഏല്‍ക്കുക എന്നിവയ്ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്നതിനും പദ്ധതി തുക വിനിയോഗിക്കാവുന്നതാണ്.
f) മുതിര്‍ന്ന പൗരന്മാരുടെ ജീവനോ, സ്വത്തിനോ അപകടമുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തിര പരിരക്ഷ നല്‍കുന്നതിനും പദ്ധതി മുഖേന സാധ്യമാകും.
g) വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മേല്‍ വ്യവസ്ഥകള്‍ കൂടാതെ അനാഥരായ മുതിര്‍ന്ന പൗരന്മാരുടെ അടിയന്തിരാവശ്യങ്ങള്‍ക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം തുക വിനിയോഗിക്കാം.
h) പ്രാഥമിക ചികിത്സ നല്‍കുന്നതിനു സ്വകാര്യ ആശുപത്രികളെയും സമീപിക്കാവുന്നതാണ് എന്നാല്‍ വിദഗ്ദ ചികിത്സ ശുപാര്‍ശ ചെയ്യുന്ന പക്ഷം ആയതു സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭ്യമാക്കാവുന്നതാണ്. പരിചാരകള്‍ ആരുമില്ലാത്ത പക്ഷം കെയര്‍ ഗിവറെ നിയോഗിക്കുന്നതിനും തുക വിനിയോഗിക്കാവുന്നതാണ്.
i) Inpatient ആയി ചികിത്സ ലഭ്യമാക്കേണ്ട കേസുകളില്‍ (അടിയന്തിര ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ) കിടത്തി ചികിത്സ ആവശ്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന ദിവസങ്ങള്‍ക്ക് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായി ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വാടകയില്‍ നിജപ്പെടുത്തി റൂം വാടകാ അനുവദിക്കവുന്നതാണ്.