*ശിവഗിരി തീർഥാടന പരിപാടികൾ സമാപിച്ചു*

ശിവഗിരി തീർഥാടന സമാപനയോഗത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ സന്ദേശം നൽകുന്നു
ശിവഗിരി: 89-ാമത് ശിവഗിരി തീർഥാടന പരിപാടികൾ സമാപിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരക്ക് കുറയ്ക്കുന്നതിനായി ഇത്തവണ ഡിസംബർ 15 മുതൽ ജനുവരി അഞ്ചുവരെയാണ് തീർഥാടന പരിപാടികൾ നിശ്ചയിച്ചത്.

തീർഥാടനകാലത്ത് എല്ലാവിധ കരുതലുകളും ശിവഗിരി മഠവും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും സ്വീകരിച്ചിരുന്നു. ഡിസംബർ 29 വരെ ശിവഗിരി മഠത്തിലെ സന്ന്യാസി ശ്രേഷ്ഠരുടെയും മറ്റാചാര്യന്മാരുടെയും പ്രഭാഷണ പരമ്പരകൾ നടന്നു.
തീർഥാടന ദിവസങ്ങളായ 30, 31, ജനുവരി ഒന്നിനും തുടർന്ന് ബുധനാഴ്ച വരെയും വലിയതോതിലുള്ള ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. സന്ന്യാസിവര്യന്മാരുടെ പ്രഭാഷണങ്ങൾക്കും മഹാഗുരുപൂജക്കും ശേഷമാണ് ഇത്തവണത്തെ തീർഥാടനകാലം സമാപിച്ചത്. സമാപനത്തോടനുബന്ധിച്ച് കലാസാഹിത്യമത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ട്രഷറർ സ്വാമി ശാരദാനന്ദ മുഖ്യപ്രഭാഷണം നടത്തി. തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അധ്യക്ഷനായി.
മൂന്നുമുതൽ 84 വയസ്സുള്ള സ്ത്രീ വരെ മത്സരങ്ങളിൽ പങ്കെടുത്തു. ശാരദാമഠത്തിന് സമീപം ചേർന്ന ഭക്തജനങ്ങളുടെ യോഗത്തിൽ സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവർ തീർഥാടന സമാപന സന്ദേശം നൽകി.
ശിവഗിരിയിൽ തീർഥാടകരായി എത്തിയ ഭക്തർക്കും സമ്മേളന പരിപാടികളിലും മറ്റും പങ്കെടുത്ത സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കൾക്കും തീർഥാടന കമ്മിറ്റികൾക്കും നന്ദി അറിയിച്ചു.