*പുത്തൻചന്ത-പ്ലാവഴികം റോഡിൽ അമിതവേഗം അപകടങ്ങളുണ്ടാക്കുന്നു*

വർക്കല: പുത്തൻചന്ത മുതൽ പ്ലാവഴികം വരെയുള്ള റോഡിൽ അമിതവേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടങ്ങളുണ്ടാക്കുന്നു. ഇരുചക്രവാഹനങ്ങളാണ് അപകടങ്ങളിൽപ്പെടുന്നവയിലധികവും. വളവും തിരിവും ഇടറോഡുകൾ സന്ധിക്കുകയും ചെയ്യുന്ന റോഡിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.

സ്‌കൂൾ സമയത്ത് ഇരുചക്രവാഹനങ്ങളിൽ വിദ്യാർഥികളുൾപ്പെടെയുള്ളവർ റോഡിൽ അഭ്യാസം കാട്ടിയാണ് വാഹനമോടിക്കുന്നത്. ചെറുതും വലുതുമായി നിരവധി അപകടങ്ങൾ ദിനവും ഉണ്ടാകുന്നു.രണ്ടാഴ്ച മുമ്പ് പുത്തൻചന്ത ആനന്ദ ഓഡിറ്റോറിയത്തിനു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ഒരാഴ്ച മുമ്പ് മേൽവെട്ടൂർ ജങ്ഷനിൽ സ്‌കൂട്ടറിനു പിന്നിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റിരുന്നു. സ്‌കൂളിൽ നിന്നും മകളെ വിളിച്ചുകൊണ്ടുപോയ യുവതിയുടെ സ്‌കൂട്ടറിനു പിന്നിൽ അതേ സ്‌കൂളിലെ വിദ്യാർഥി ഓടിച്ച ബൈക്കാണ് ഇടിച്ചത്. ഹെൽമെറ്റ് ഉണ്ടായിരുന്നതിനാൽ യുവതി വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പുത്തൻചന്ത, അയന്തി ഇളപ്പിൽ, മേൽവെട്ടൂർ ആശാൻ മെമ്മോറിയൽ സ്‌കൂളുകൾക്കു മുന്നിൽ റോഡിൽ വേഗനിയന്ത്രണത്തിന് ഹമ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ‚ മേൽവെട്ടൂർ ജെംനോ സ്‌കൂളിലേക്കുള്ള രണ്ട് വഴികളുടെ ഭാഗത്തും ഹമ്പുകളില്ല. അതിനാൽ ആശാൻ മെമ്മോറിയൽ സ്‌കൂളിനും കയറ്റാഫീസ് ജങ്ഷനും മധ്യേ അമിതവേഗതയിലാണ് ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്നത്. ഈ ഭാഗത്ത് അപകടമരണങ്ങളുൾപ്പെടെ സംഭവിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പ് കയറ്റാഫീസ് ജങ്ഷനിൽ അമിതവേഗതയിലെത്തിയ ബൈക്ക് ബസിനു പിന്നിലിടിച്ച് മൂന്നു യുവാക്കൾക്ക് സാരമായി പരിക്കേറ്റിരുന്നു.
ഈ ഭാഗത്ത് ഇരുവശങ്ങളിൽനിന്നും ഇടറോഡുകളും പ്രധാന റോഡിൽ സന്ധിക്കുന്നുണ്ട്. ഇടറോഡിൽനിന്നും പ്രധാന റോഡിലേക്കും തിരിച്ചും പ്രവേശിക്കുന്ന വാഹനങ്ങൾക്ക് അമിതവേഗത്തിലെത്തുന്ന ഇരുചക്രവാഹനങ്ങൾ ഭീഷണിയാണ്. സ്‌കൂൾ വിദ്യാർഥികളിൽ പലരും ബൈക്കുകളിലാണ് സ്‌കൂളിലെത്തുന്നത്.
സ്‌കൂൾ സമയം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയത്ത് ബൈക്കുകളിൽ ചുറ്റിത്തിരിയുന്നവരും അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്.
വാഹനങ്ങൾക്കിടയിലൂടെ വെട്ടിത്തിരിച്ചും മറ്റുമുള്ള യാത്ര കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പോലീസും മോട്ടോർവാഹനവകുപ്പും ഈ ഭാഗത്ത് പരിശോധന നടത്താറില്ല. ജങ്ഷനുകളിൽ വേഗനിയന്ത്രണ സംവിധാനവും അപര്യാപ്തമാണ്. ഇതെല്ലാം അപകടങ്ങൾ വർധിക്കുന്നതിനു കാരണമാകുന്നു.