തിരുവനന്തപുരം: തിരുവനന്തപുരം ഔട്ടർ റിങ്റോഡിന് കേന്ദ്ര അംഗീകാരം. ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി വരുന്നതോടെ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം തുകയും സംസ്ഥാനം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിങ്റോഡിനാണ് കേന്ദ്ര അംഗീകാരം ലഭിച്ചിരിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുവാൻ ദേശീയ പാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് വേഗം പകരുന്നതാണ് ഈ നടപടിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം തുറമുഖം മുതൽ കൊല്ലം അതിർത്തി വരെ 80 കിലോമീറ്ററോളം ദൂരമുള്ള റോഡ് വികസനം തിരുവനന്തപുരം ജില്ലക്കും സംസ്ഥാനത്തിനും ഏറെ ഗുണം ചെയ്യുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.