*കാപ്പിൽ റെയിൽവേ സ്റ്റേഷനു സ്റ്റോപ്പ്; സാധ്യത മങ്ങുന്നു*

ഇടവ∙ ജില്ലാ അതിർത്തിയിലെ പഴക്കമേറിയ കാപ്പിൽ റെയിൽവേ സ്റ്റേഷനു വീണ്ടും സ്റ്റോപ്പ് അനുവദിക്കാനുള്ള സാധ്യത മങ്ങുന്നു. കോവിഡ് പ്രതിസന്ധിയുടെ പേരിൽ കഴിഞ്ഞ രണ്ടു വർഷമായി സ്റ്റേഷൻ അടഞ്ഞു കിടക്കുന്നതിനാൽ നിലവിൽ പാസഞ്ചർ ട്രെയിനുകളിൽ ഒന്നു പോലും നിർത്തുന്നില്ല. ഇതിനാൽ മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശം അതിരൂക്ഷമായി തുടരുകയാണ്. കൊല്ലം–തിരുവനന്തപുരം അതിർത്തിയിൽ രണ്ടു ജില്ലകളിലേക്കും വിവിധ യാത്രാ ആവശ്യങ്ങൾക്ക് നിരവധി പേരാണ് കാപ്പിൽ സ്റ്റേഷനെ ആശ്രയിച്ചിരുന്നത്.

രാവിലെയും ഉച്ചയ്ക്കു ശേഷവും വൈകിട്ടും സർവീസുകൾക്ക് പുറമേ മെമു സർവീസും യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു. ഏതാനും വർഷങ്ങളായി കാപ്പിൽ റെയിൽവേ സ്റ്റേഷൻ ഹാൾട്ട് നിലവാരത്തിലാക്കി യാത്രാ ടിക്കറ്റുകൾ കരാർ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. സ്റ്റോപ്പ് പൂർണമായി ഇല്ലാതാക്കാൻ റെയിൽവേ നടത്തിയ ശ്രമം മുൻ എംപി എ.സമ്പത്തിന്റെ ഇടപെടലിനെ തുടർന്നു നടന്നില്ല. നിലവിലെ സാഹചര്യത്തിൽ ഇടവയ്ക്കു പുറമേ കാപ്പിൽ കൂടി നിലനിർത്തേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് റെയിൽവേ എന്നാണ് സൂചന.

കഴിഞ്ഞ രണ്ടു വർഷമായി ട്രെയിൻ സ്റ്റോപ്പ് പൂർണമായി മുടങ്ങിയതോടെ കെഎസ്ആർടിസി മാത്രമാണ് നാട്ടുകാർക്ക് ആശ്രയം. എന്നാൽ  ഈ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നന്നേ കുറവായതിനാൽ യാത്രാക്ലേശം ഇരട്ടിയായി. തൊട്ടടുത്തുള്ള ഇടവ റെയിൽവേ സ്റ്റേഷനിലെ നിലവിലെ സ്റ്റാഫിനെ പിൻവലിച്ചു കരാർ തലത്തിലേക്ക് മാറ്റാൻ നടത്തിയ നീക്കം തൽക്കാലം നാട്ടുകാരുടെ ഇടപെടലിനെ തുടർന്നു മുടങ്ങിയിരിക്കുകയാണ്