*തിരുവനന്തപുരത്ത് ഇനിമുതൽ പരിശോധന നിർബന്ധമില്ല, ലക്ഷണമുള്ളവർ രോഗികൾ*

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ തലസ്ഥാന നഗരിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.സി കാറ്റഗറിയിലേയ്ക്ക് കടന്നതോടെ പുതിയ മാർഗങ്ങൾ അവലംബിക്കാനാണ് സർക്കാർ തീരുമാനം. പരിശോധനയ്ക്ക് വിധേയരാകുന്നവരിൽ രണ്ടിലൊരാൾക്ക് കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഇന്ന് മുതൽ സിൻഡ്രോമിക് മാനേജ്‌മെന്റ് നടപ്പിലാക്കും. രോഗലക്ഷണമുള്ളവർ പരിശോധന കൂടാതെ തന്നെ രോഗിയായി കണക്കാക്കി ക്വാറന്റൈനിലേയ്ക്ക് കടക്കുന്നതാണ് സിൻഡ്രോമിക് മാനേജ്‌മെന്റ്. ഇത്തരക്കാർ പൊസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കണമെന്നില്ല.

രോഗലക്ഷണങ്ങളുള്ളവർ സ്വയം പോസിറ്റീവായി കരുതി കർശനമായി ഏഴ് ദിവസത്തെ ക്വാറന്റൈൻ പാലിക്കണം. രോഗം ഗുരുതരമാകാൻ സാദ്ധ്യതയുള്ളവർ പരിശോധന നടത്തി കൃത്യ സമയത്ത് തന്നെ ചികിത്സ ലഭ്യമാക്കണം. ആരോഗ്യവകുപ്പിന്റെ ക‌ർമപദ്ധതി പ്രകാരമാണ് പുതിയ രീതികൾ സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഇന്ന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരുടെ യോഗം ചേരും. വിവിധ വകുപ്പ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. കൂടുതൽ സി എഫ് എൽ ടി സികൾ തുറക്കുന്നതും ഫീൽഡ് ആശുപത്രികൾ ശക്തമാക്കുന്നതും ആലോചനയിലുണ്ട്.

ക്ളസ്റ്ററുകളും മൈക്രോ കണ്ടെയിൻമെന്റ് സോണുകളും തിരിച്ചുള്ള പ്രതിരോധത്തിനാണ് ഊന്നൽ നൽകുന്നത്. താലൂക്കാശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ കൊവിഡിനായി പ്രത്യേകം കിടക്കകൾ ക്രമീകരിക്കും. സർക്കാരാശുപത്രികളിൽ ശേഷിയുടെ 70 ശതമാനം പിന്നിട്ടാൽ സ്വകാര്യ ആശുപത്രികളുമായി സഹകരിക്കും. ഓക്സിജൻ വാർ റൂം സജ്ജമാക്കാനും തീരുമാനമായി.

തലസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. തിങ്കളാഴ്ച രാത്രി 12 മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു.

തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ

യാതൊരുവിധ പൊതു പരിപാടികളും അനുവദിക്കില്ല.

ആരാധനാലയങ്ങളിൽ പ്രവേശനം ഇല്ല

വിവാഹം,മരണാനന്തര ചടങ്ങുകളിൽ 20 പേർ

സിനിമ തീയേറ്റർ,സ്വിമ്മിംഗ് പൂൾ,ജിം തുറക്കില്ല.

ബിരുദ,ബിരുദാനന്തര ഫൈനൽ ഇയർ ക്ലാസും ,പത്ത്,പന്ത്രണ്ട് ക്ലാസും ഒഴികെ ഓൺലൈനിൽ

ട്യൂഷൻ സെന്ററുകളിൽ ഓൺലൈൻ കോച്ചിംഗ്

റസിഡൻഷ്യൽ പഠനകേന്ദ്രങ്ങളിൽ ബയോബബിൾ

മാളുകളിൽ വിലക്കില്ലെങ്കിലും സ്ഥാപനം സ്വന്തം നിലയിൽ നിയന്ത്രണം ഏർപ്പെടുത്തണം.