വർക്കല ഏണാർവിള കോളനിയിൽ ഗൃഹനാഥൻ മരണപ്പെട്ട സംഭവം കൊലപ്പെടുത്തിയത് ആണെന്ന് പോലീസ്. മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയ അച്ഛന്റെ തലയ്ക്കടിച്ചു മകൻ കൊലപ്പെടുത്തുകയായിരുന്നു.
വർക്കല ചെമ്മരുതി പഞ്ചായത്തിൽ ഏണാർവിള
കോളനിയിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ആണ് സംഭവം . കല്ല് വിള വീട്ടിൽ 65 കാരനായ സത്യൻ ആണ് മരണപ്പെട്ടത്. മരണത്തിൽ അസ്വാഭാവികത തോന്നിയ പോലീസിന്റെ അന്വേഷണത്തിൽ , വിശദമായ പരിശോധനയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ആണ് കൊലപാതകം എന്ന നിഗമനത്തിൽ പോലീസ് എത്തിയത്.
ഞായറാഴ്ച വൈകിട്ട് 4 മണിയോടുകൂടി സത്യൻ മദ്യപിച്ച് വീട്ടിലെത്തുകയും, കിടന്ന് ഉറങ്ങിയ മകൻ സതീഷും (30) മായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ചുറ്റിക ഉപയോഗിച്ച് മർദ്ധിക്കുകയും വെട്ടുകത്തി കഴുത്തിൽ വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജീവഹാനി ഭയന്ന് മകൻ അച്ഛന്റെ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തുടർന്ന് സത്യനെ മകൻ സതീഷ് പിടിച്ചു തള്ളുകയും വാതിൽ പടിയിലെ ചെങ്കല്ലിന് മേൽ വന്ന് വീഴുകയുമായിരുന്നു. ചുറ്റിക കൊണ്ട് അടിച്ചു തലയോട്ടി പിളർന്നതും കഴുത്തു ഞെരിച്ചതും ആണ് മരണ കാരണം ആയി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
തുടർന്ന് ബോധം നഷ്ടപ്പെട്ട സത്യനെ അയൽക്കാരും നാട്ടുകാരും ചേർന്നു ആശുപത്രിയിൽ എത്തിക്കുംമ്പോഴേക്കും ജീവൻ ഉണ്ടായിരുന്നില്ല. . നാട്ടുകാർ തന്നെയാണ് പോലീസിലും വിവരം അറിയിച്ചത് . സംഭവം നടക്കുമ്പോൾ സത്യന്റെ ഭാര്യ ശോഭനവീട്ടിൽ ഉണ്ടായിരുന്നു. സ്ഥിരം വഴക്ക് ആയതിനാൽ ഇവർ ശ്രദ്ധിക്കാതെ വീടിന് പിറകിൽ ഇരുന്ന് പാത്രങ്ങൾ കഴുകുക ആയിരുന്നു. സഹോദരി ശ്യാമള വിവരം അറിഞ്ഞു എത്തുകയായിരുന്നു
മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് വലത് ചെവിയുടെ മുകളിൽ ആഴത്തിൽ ഉള്ള മുറിവ് ആയുധം ഉപയോഗിച്ച് ഉള്ളത് ആണെന്നും പോലീസ് വ്യക്തമാക്കി.സതീഷിനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ഫോറൻസിക് വിദഗ്ധർ സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മരണപ്പെട്ട സത്യനും മകനും തട്ടിന്റെ പണിക്കാരാണ് . അച്ഛനും മകനും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും ഇത് നിത്യ സംഭവം ആണെന്നും അയൽവാസികൾ പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു