കോവിഡ് മൂന്നാം തരംഗം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് കുറഞ്ഞ് വന്ന കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്ന് വരികയാണ്. ഒമിക്രോണ്‍ കേസുകളും കൂടുകയാണ്. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഏറ്റവും ഫലപ്രദമാണ് ഗൃഹ ചികിത്സ. ഇതിലൂടെ ആശുപത്രി സംവിധാനങ്ങള്‍ക്ക് സമ്മര്‍ദം നല്‍കാതെ എല്ലാവര്‍ക്കും മികച്ച പരിചരണം നല്‍കാനാകും. കേരളം വളരെ ഫലപ്രദമായി നടപ്പിലാക്കിയതാണ് ഗൃഹ പരിചരണം. കേസുകള്‍ കൂടിയാല്‍ ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവര്‍ക്ക് ഗൃഹ പരിചരണം നല്‍കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം കാരണം ജലദോഷം, പനി, ചുമ, ശരീര വേദന എന്നിവ കാണപ്പെടുന്നു. ഇത്തരം രോഗലക്ഷണങ്ങളുള്ളവരില്‍ കോവിഡോ ഒമിക്രോണോ ഉണ്ടാകാനും സാധ്യതയുണ്ട്. ഇവര്‍ക്ക് കോവിഡ് അല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിനായി കോവിഡ് പരിശോധനയും ആവശ്യമാണ്. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ജീവനക്കാരെ തയ്യാറാക്കി നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ പരിശീലന പരിപാടി. എല്ലാ ജില്ലകളിലുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ദിശ കൗണ്‍സിലര്‍മാര്‍, ഇ സഞ്ജീവനി ഡോക്ടര്‍മാര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കുന്നു. സുരക്ഷിതമായ ഗൃഹ ചികിത്സ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ളതാണ് ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീനം.
മൂന്നാം തരംഗം മുന്നില്‍ കണ്ട് സംസ്ഥാനം വളരെ നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ആശുപത്രി സൗകര്യങ്ങള്‍, ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍, പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍, ഓക്‌സിജന്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കിയിരുന്നു. എല്ലാ ആശുപത്രികളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോണ്‍ പരിശീലനം, ഐസിയു മാനേജ്‌മെന്റ് പരിശീലനം എന്നിവ സംഘടിപ്പിച്ചിരുന്നു. ഈ പരിശീലനങ്ങള്‍ തുടരാനും തീരുമാനിച്ചു. ഇതുകൂടാതെയാണ് ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീനം സംഘടിപ്പിക്കുന്നത്.
സംസ്ഥാന ആരോഗ്യ വകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി സി ഡിറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കോവിഡ് പ്രതിരോധത്തിന് മുതല്‍ക്കൂട്ടാകുന്ന തരത്തിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള പരിശീലന പരിപാടികള്‍ നടത്തി വരുന്നു. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും https://keralahealthtraining.kerala.gov.in/login/signup.php ഈ ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്ത് വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.