ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി, ശബരിമല മകരവിളക്ക് മഹോത്സവം ഇന്ന്: തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍.

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.ഇന്ന് കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നതിനെ തുടര്‍ന്ന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ ഇന്നലെ പൂര്‍ത്തിയായി.

കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പര്‍ണശാലകള്‍ കെട്ടാന്‍ ഇത്തവണയും അനുമതിയില്ല. എങ്കിലും മകരജോതി ദര്‍ശനത്തിനായി ശബരിമലയിലേക്ക് കൂടുതല്‍ അയ്യപ്പന്മാരാണ് എത്തിക്കൊണ്ടിരിക്കുന്നത്. എരുമേലിയില്‍ നിന്നും പേട്ടതുള്ളിയെത്തിയ അമ്പലപ്പുഴ – ആലങ്ങാട്ട് സംഘങ്ങളുടെ പമ്പ സദ്യ ഇന്നലെ നടന്നു.

അതേസമയം, എഴുപതിനായിരം പേര്‍ക്കാണ് സന്നിധാനത്തേക്ക് ഇന്ന് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് 19 ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നത് കൊണ്ട് കൃത്യമായ കോവിഡ് പ്രോട്ടോകോളുകള്‍ അനുസരിച്ചു വേണം ഭക്തര്‍ വരേണ്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്