*കൊലപാതകം നടന്ന വീട്ടില്‍ സിറ്റിപോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ പരിശോധന നടത്തുന്നു, ഇന്‍സെറ്റില്‍ മരിച്ച ശാന്തകുമാരി, അറസ്റ്റിലായ റഫിക്കാ ബീവി, ഷഫീക്ക്, അല്‍ അമീന്‍*
വിഴിഞ്ഞം: സമീപവാസിയായ വയോധികയെ വീട്ടിൽ വിളിച്ചുവരുത്തി സ്വർണാഭരണങ്ങൾ കവർന്നശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൃതദേഹം വീടിന്റെ തട്ടിൽ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ പ്രതികളെ ഒരു മണിക്കൂറിനുള്ളിൽ കഴക്കൂട്ടത്തുനിന്നു അറസ്റ്റുചെയ്തു.
മുല്ലൂർ പനവിള ആലുംമൂട് വീട്ടിൽ ശാന്തകുമാരിയെ(75) ആണ് അമ്മയും മകനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാരിയുടെ അയൽപക്കത്ത് മുല്ലൂർ സ്വദേശി ശ്രീകുമാറിന്റെ വീട്ടിൽ വാടകയ്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്കാ ബീവി(50), ഇവരുടെ സുഹൃത്ത് അൽ അമീൻ(26), റഫീക്കയുടെ മകൻ ഷഫീക്ക്(23) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. പ്രതികൾ താമസിച്ചിരുന്ന വീടിനടുത്തായി വീട്ടുടമയുടെ മകനും സുഹൃത്തുക്കളും താമസിക്കുന്നുണ്ട്. വെള്ളിയാഴ്ച വീട് മാറിപ്പോകുമെന്ന് ഉടമയെ പ്രതികൾ അറിയിച്ചിരുന്നു. വൈകീട്ട് വീട്ടിലെത്തിയ ഉടമയുടെ മകൻ, വാടകയ്ക്ക് നൽകിയ വീടിന്റെ കതകിൽ താക്കോൽ ഉള്ളതായി കണ്ടു. ഇതേ തുടർന്ന് വീട്ടുകാരെ വിളിച്ചുവെങ്കിലും അനക്കമില്ലായിരുന്നു.
വീട് തുറന്ന് നോക്കിയപ്പോഴാണ് വരാന്തയിലെ തട്ടിനുമുകളിൽ നിന്ന് രക്തം വീഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമീപവാസികളെ വിളിച്ചുവരുത്തി നോക്കിയപ്പോഴാണ് തട്ടിനുമുകളിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്.ഉടൻ തന്നെ വിഴിഞ്ഞം പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം വയോധികയുടേതാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടിൽ താമസിച്ചിരുന്ന റഫീക്ക, മകൻ, റഫീഖയുടെ സുഹൃത്ത് അൽഅമീൻ എന്നിവരെ കാണാതായതോടെ പോലീസ് തിരച്ചിലാരംഭിച്ചു. ഇതിനിടയിൽ മരിച്ചത് റഫീക്കയാണെന്നു കരുതി അവരുടെ ബന്ധുക്കളും എത്തി.തുടർന്ന് പോലീസ് പ്രതികളുടെ ഫോൺ നമ്പറുകളുടെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ തൈക്കാട് സംഗീത കോളേജിനടുത്തുള്ളതായി കണ്ടെത്തി. പോലീസ് സംഘമെത്തി നടത്തിയ അന്വേഷണത്തിൽ പ്രതികൾ കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസിൽ കയറിയതായി കണ്ടെത്തി. തുടർന്ന് ബസിന്റെയും ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊബൈൽ നമ്പറുകളിൽ വിളിച്ച് കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ബസ് നിർത്താൻ ആവശ്യപ്പെട്ടു. വിഴിഞ്ഞം എസ്.ഐ. കെ.എൽ.സമ്പത്തുൾപ്പെട്ട പോലീസ് സംഘം കഴക്കൂട്ടത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
ഇവരെ രാത്രി പന്ത്രണ്ടരയോടെ വിഴിഞ്ഞം സ്റ്റേഷനിലെത്തിച്ചു. സിറ്റി പോലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ, ഫോർട്ട് എ.സി. എസ്.ഷാജി, വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി എന്നിവരും സ്ഥലത്തെത്തി.
വയോധികയെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയശേഷം ചുറ്റികയ്ക്ക് സമാനമായ വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. തുടർന്ന് ഇവരുടെ മൃതശരീരം വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ തട്ടിലേയ്ക്ക് എടുത്തുകയറ്റി വച്ചശേഷം പ്രതികൾ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു.
ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മൽ, മോതിരം എന്നിവ പ്രതികൾ കൈക്കലാക്കി. വളയും മോതിരവും വിഴിഞ്ഞത്തുള്ള സ്വർണ്ണക്കടയിൽ വിറ്റുവെന്നും പ്രതികൾ പോലീസിന് മൊഴി നൽകി.
റഫീഖാ ബീവിയും ആൺ സുഹൃത്തും തമ്മിൽ ഒരാഴ്ചയ്ക്കു മുൻപ് വീട്ടിൽ വച്ച് വഴക്കുനടക്കുകയും വീട്ടിലെ വാതിലുകളും ഫർണിച്ചറും അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് വീട് ഒഴിയാൻ വീട്ടുകാർ ആവശ്യപ്പെട്ടുവെന്ന് വീട്ടുടമയുടെ മകൻ പറഞ്ഞു.സനൽകുമാർ, ശിവകല എന്നിവരാണ് മരിച്ച ശാന്തകുമാരിയുടെ മക്കൾ. വിഴിഞ്ഞം പോലീസ് കേസെടുത്തു.