തിങ്കളാഴ്ച ദിലീപ് ഫോണുകൾ കൈമാറണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട ഫോണുകൾ ദിലീപും കൂട്ടു പ്രതികളും തിങ്കളാഴ്ച രാവിലെ 10. 15 ന് മുമ്പ് ഹാജരാക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രാർ ജനറലിനാണ്  കൈമാറേണ്ടത്. പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജികളിലാണ് കോടതി ഉത്തരവ്.

അതേസമയം എല്ലാ ഫോണുകളും കൈമാറാൻ ആവില്ലെന്ന് ദിലീപ് അറിയിച്ചതായാണ് റിപ്പോർട്ട്. ഫോണുകൾ മുംബൈയിൽ ആണെന്ന് ദിലീപ് പറഞ്ഞു. ചൊവ്വാഴ്ച വരെ സമയം നൽകണമെന്ന് ദിലീപ് ആവശ്യം ഉന്നയിച്ചു. ഇത് കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷൻ പറയുന്ന നാലാമത്തെ ഫോണിനെ കുറിച്ച് അറിയില്ലെന്നും ദിലീപ് അറിയിച്ചു.

പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അറസ്റ്റിൽ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അർഹതയില്ല. ദിലീപ്, അനൂപ്, സൂരജ് എന്നിവർ 2017ൽ എംജി റോഡിൽ ഗൂഢാലോചന നടത്തി. സ്വന്തം നിലയ്ക്ക് ഫോൺ പരിശോധനയ്ക്ക് നൽകാൻ സാധിക്കില്ല. ഇതിന് അവകാശം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത ഏജൻസികൾക്ക് മാത്രം. അല്ലാത്ത പരിശോധനാ ഫലങ്ങൾക്ക് സാധുതയില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.