ബീമാപള്ളി ദർഗാഷെരീഫിലെ ഉറൂസിന് ബുധനാഴ്ച കൊടിയേറും. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ഉറൂസ് ഉത്സവം നടത്തുകയെന്ന് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.
രാവിലെ എട്ടിന് ബീമാപള്ളി അസി. ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ കാർമികത്വത്തിൽ ദുഃആ പ്രാർഥന നടക്കും. തുടർന്ന് വിശ്വാസികൾ പങ്കുചേരുന്ന പട്ടണപ്രദക്ഷിണം നടക്കും. തുടർന്ന് 10.30-ന് ചീഫ് ഇമാം സെയ്യിദ് മുത്ത്‌കോയ തങ്ങളുടെ മുഖ്യ കാർമികത്വത്തിൽ പ്രാർഥന.
തുടർന്ന് വിശ്വാസികൾ ഉരുവിടുന്ന പ്രാർഥനയുടെ അകമ്പടിയോടെ ബീമാപള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എ.ആർ.ഹലാലുദീൻ ഉറൂസിന് തുടക്കം കുറിച്ചുകൊണ്ട് പള്ളി മിനാരത്തിലേക്ക് കൊടിയേറ്റും. ഇതോടെ പത്ത് ദിവസത്തെ ഉറൂസ് ഉത്സവത്തിന് തുടക്കമാകും.
സമാപന ദിവസമായ ജനുവരി 15-ന് പുലർച്ചെ 1.30-ന് അശ്വാരൂഢ സേന, മുത്തുക്കുടകൾ, ദഫ്മുട്ട്, ബാൻഡുമേളം അടക്കമുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയങ്കണത്തിൽനിന്ന് പട്ടണ പ്രദക്ഷിണം തുടങ്ങും.തുടർന്ന് ജോനക പൂന്തുറയിലെത്തിയശേഷം പള്ളിയിൽ തിരികെയെത്തും. രാവിലെ 4.30-ന് ഹസൻ അഷ്‌റഫ് ഫാളിൽ ബാഖവിയുടെ കാർമികത്വത്തിൽ ദുഃആ പ്രാർഥന നടക്കും.
രാവിലെ ആറിന് പള്ളിയങ്കണത്തിൽ നടക്കുന്ന അന്നദാനത്തോടെ ഉറൂസ് സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ സുരക്ഷയ്ക്കായി നൂറിലധികം പോലീസുകാരെ നിയമിക്കും. അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, നഗരസഭ, കെ.എസ്.ഇ.ബി. അടക്കമുള്ളവരുടെ സേവനവും ഉണ്ടാകുമെന്ന് ജനറൽ സെക്രട്ടറി റംസാൻ അറിയിച്ചു.
*ബുധനാഴ്ച അവധി*
ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച മുതൽ ജനുവരി 15 വരെയാണ് ഉറൂസ്.