നോബൽ സമ്മാനത്തിനർഹനാകേണ്ടിയിരുന്ന വിശ്വമഹാകവിയാണ് അഞ്ചുതെങ്ങ് കായിക്കര കുമാരനാശാനെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.
മഹാകവി കുമാരനാശാന്റെ 98-ാമത് നിർവ്വാണ ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബംഗാളി ഭാഷയിലെഴുതിയ 'ഗീതാഞ്ജലിക്ക് രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ചതു പോലെ, മലയാളത്തിലെഴുതിയ വീണപൂവ് നോബൽ സമ്മാനകമ്മിറ്റിയുടെ ശ്രദ്ധയിൽപെട്ടിരുന്നെങ്കിൽ കുമാരനാശാനും നോബൽ സമ്മാനം ലഭിക്കുമായിരുന്നെന്ന് 1982 ൽ ശിവഗിരി തീർത്ഥാടന സമ്മേളനത്തിനെത്തിയ ജ്ഞാനപീഠം അവാർഡ് ജേതാവ് ഡോ. ശിവരാമ കാരന്ത് പറയുകയുണ്ടായി.
ഗുരുദേവന്റെ ശിഷ്യത്വം, ബംഗാൾ വാസം, എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി എന്നീ നിയോഗങ്ങളാണ് ആശാന്റെ അഭ്യുന്നതിക്കെല്ലാം നിദാനമായത്. ശ്രീനാരായണ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ആശാനെപ്പോലെ ത്യാഗം സഹിച്ച മറ്റൊരു ഗുരുദേവ ശിഷ്യനില്ലെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ആശാന്റെ നിർവ്വാണ ദിനം പ്രമാണിച്ച് ശിവഗിരി മഠത്തിൽ പ്രത്യേക പ്രാർത്ഥനയും ആശാൻ കൃതികളുടെ പാരായണവും നടന്നു.