ബൈക്ക് അപകടത്തിൽ മരിച്ച മനോജിന്റെ കുടുംബത്തിന് കൈത്താങ്ങായി കിളിമാനൂർ വഴിയോരക്കട ഹോട്ടലിലെ ഉടമയും, സഹപ്രവർത്തകരും.

കിളിമാനൂർ:  കിളിമാനൂർ വഴിയോരകട എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്ന ചക്കുവരയ്ക്കൽ കോക്കാട്  ജയഭവനിൽ വി. മനോജ് ഉണ്ണിത്താൻ (44) ഇക്കഴിഞ്ഞ ജനുവരി 11 ന് വാളകത്ത് വെച്ച്  മനോജും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിക്കുകയും മനോജിന്റെ ശരീരത്തിൽ കൂടി ടിപ്പർ ലോറി കയറി ഇറങ്ങി മരണപ്പെടുകയും ആയിരുന്നു. അദേഹത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു, ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്നതാണ് മനോജിന്റെ കുടുംബം. നിലവിൽ മനോജിന്റെ ഭാര്യയെ  തുടർചികിത്സയ്ക്കായി പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കിളിമാനൂരിലെ വഴിയോരകട എന്ന ഹോട്ടലിൽ ഒൻപത് വർഷമായി വെയിറ്റർ ജോലി നോക്കി വരുകയായിരുന്നു മനോജ്. മനോജ് മരണമടഞ്ഞ് ജനുവരി 11 ന് ഹോട്ടൽ അടച്ച് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തതിനുശേഷം 13 ന്  കട തുറന്നപ്പോൾ സഹപ്രവർത്തകരും, കട ഉടമയും ആദ്യം കൂടി ആലോചിച്ചത് അനാഥമായ മനോജിന്റെ കുടുംബത്തിനു എന്ത് സഹായം എത്തിക്കാം എന്നതായിരുന്നു അങ്ങനെ   ഒരു തുക സ്വരൂപിച്ച് നൽകാം എന്ന്  തീരുമാനിച്ചു.

എന്നാൽ അനാഥമായ കുടുംബത്തിന് ഒരു നേരം സ്വരൂപിച്ചു നൽകുന്ന തുക മാത്രം കൊണ്ട് പറക്കമറ്റാത്ത കുഞ്ഞുങ്ങളുടെ ജീവിതം മുന്നോട്ട് പോകില്ലന്നും കഴിയുന്ന കാലമത്രയും കുടുംബത്തെ സഹായിക്കണമെന്നും സഹപ്രവർത്തകരായ വെയിറ്റർമാരും, ഉടമയും തീരുമാനിക്കുകയായിരുന്നു. 
ഹോട്ടലിൽ ആകെ 18 വെയിറ്റർമാരാണ് ജോലി നോക്കുന്നത് അതിൽ 15 പേർ വീതം എല്ലാ ദിവസവും ജോലിയിൽ ഉണ്ടാകും. ദിവസവും ഒരു വെയിറ്ററുടെ വേതനത്തിൽ നിന്നും 22 രൂപ മാറ്റി വെക്കും അങ്ങനെ ദിവസവും 15 പേരുടെ വേതനത്തിൽ നിന്ന് 22 രൂപ മാറ്റി വെച്ച് മാസം അതിൽ നിന്നും കിട്ടുന്ന 9900 രൂപയും മരിച്ച മനോജിന് നൽകിയിരുന്ന ശബളമായ 15,000 രൂപയും ചേർത്ത് മാസം 25,000 രൂപ വീതം അദേഹത്തിന്റെ കുടുംബത്തിന് നൽകാൻ തീരുമാനിക്കുകയുമായിരുന്നു. ജനുവരി 13 മുതൽ വെയിറ്റർമാരുടെ വേതനത്തിൽ നിന്ന് പണം മാറ്റിവെച്ച് വരുകയാണെന്നും അടുത്ത മാസം 13 ന്  25000 രൂപ നൽകുമെന്നും എല്ലാ മാസത്തിലും ഇത്തരത്തിൽ പണം സ്വരൂപിച്ച് കുടുംബത്തിന് നൽകുമെന്നും വഴിയോരക്കട അധികൃതർ അറിയിച്ചു