*ഫ്ളോട്ടിൽ ഗുരുദേവനെ ഒഴിവാക്കൽ; ശിവഗിരി മഠം പ്രതിഷേധിച്ചു*

ശിവഗിരി:റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കുന്ന ഫ്ളോട്ടിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഒഴിവാക്കി പകരം ശ്രീശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിച്ചാൽ സ്വീകാര്യമാണെന്ന കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ നിലപാടിൽ ശിവഗിരി മഠം പ്രതിഷേധിച്ചു.

ടൂറിസത്തെക്കൂടി ഉൾപ്പെടുത്തി ജടായുപാറയും സമീപത്തുള്ള വർക്കലയെയും ചെമ്പഴന്തിയെയും പരിഗണിച്ച് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഫ്ളോട്ടിന്റെ കവാടത്തിൽ വയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശമാണ് പരേഡിലേക്ക് ഫ്ളോട്ടുകൾ തിരഞ്ഞെടുക്കുന്ന ജൂറി തള്ളിക്കളഞ്ഞത്.

ഗുരുദേവനെ ഒഴിവാക്കി ശങ്കരാചാര്യരുടെ പ്രതിമ വച്ചാൽ പരിഗണിക്കാമെന്ന ജൂറി നിലപാടിൽ ശിവഗിരി മഠം ഉത്കണ്ഠ രേഖപ്പെടുത്തുന്നതായി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

അദ്വൈതാചാര്യനെന്ന നിലയിൽ ശങ്കരാചാര്യരോട് ശിവഗിരി മഠത്തിന് ആദരവുണ്ട്. ശങ്കരാചാര്യർ മഹാനാണെങ്കിലും കേരളത്തിലെ ഒരു വിഭാഗം ജനതയ്ക്കു മാത്രമേ സ്വീകാര്യനാകുന്നുള്ളൂ. ശ്രീനാരായണ ഗുരുദേവൻ കമ്യൂണിസ്റ്റ്, കോൺഗ്രസ്, ബി.ജെ.പി. തുടങ്ങി എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും കേരളീയ ജനതയ്‌ക്കാകമാനവും സ്വീകാര്യനും ആദരണീയനുമാണ്. ഈ യാഥാർഥ്യം കേന്ദ്രത്തിന്റെ ജൂറിമാർ മനസ്സിലാക്കാതെ പോയത് അവരുടെ അജ്ഞതയാണ്. ഇങ്ങനെയുള്ള വിഷയങ്ങളിൽ ഉത്തരവാദപ്പെട്ടവർ അലംഭാവം കാണിക്കുന്നതിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റിനും ഗുരുദേവ പ്രസ്ഥാനങ്ങൾക്കുമുള്ള ശക്തമായ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കുന്നതായും സ്വാമി സച്ചിദാനന്ദ പ്രസ്താവനയിൽ അറിയിച്ചു.