ആറ്റിങ്ങൽ: മാമം ജംഗ്ഷനിൽ പൂജ കൺവെൻഷൻ സെന്റെറിന് സമീപത്ത് പാർക്കു ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്കു മുകളിലേക്കാണ് മരത്തിന്റെ വലിയൊരു ശിഖരം ഒടിഞ്ഞ് വീണത്. ഈ ഭാഗത്തുണ്ടായിരുന്ന വൈദ്യുതി ലൈനിലേക്ക് ആദ്യം മരക്കൊമ്പ് ഒടിഞ്ഞു വീഴുകയും തുടർന്ന് ഭാരമുള്ള ശിഖരം താഴെ പാർക്ക് ചെയ്തിരുന്ന ബൈക്കുകളുടെ മുകളിലേക്ക് പതിച്ചു. അപകടം സംഭവിച്ചപ്പോൾ തന്നെ വൈദ്യുതി ബന്ധം വിഛേദിക്കപ്പട്ടത് വലിയൊരു ദുരന്തം ഒഴിവാക്കി. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ സമീപത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഏറെ ജന തിരക്കുള്ള മേഖല കൂടിയാണിവിടം. സംഭവം നടന്ന ഉടനെ നാട്ടുകാർ കെ.എസ്.ഇ.ബി അവനവഞ്ചേരി ഡിവിഷനിൽ അറിയിച്ചിട്ടും മണിക്കൂറുകളോളം മരക്കൊമ്പ് നീക്കം ചെയ്യാൻ അധികൃതർ എത്തിയിരുന്നില്ല. അതേ സമയം സംഭവ സ്ഥലത്തു കൂടി കടന്നുപോയ നഗരസഭ ചെയർപേഴ്സൻ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള എന്നിവരോട് നാട്ടുകാർ പരാതി അറിയിച്ചതിന്റ അടിസ്ഥാനത്തിൽ സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ട് വൃക്ഷത്തിന്റെ ശിഖരം അടിയന്തിരമായി നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥിതി ചെയ്തിരുന്ന മരച്ചില്ലയാണ് അപകടം സൃഷ്ടിച്ചത്. തുച്ഛമായ മാസങ്ങൾ പഴക്കമുള്ള ഈ ഇരുചക്ര വാഹനങ്ങൾക്ക് നിസാര കേടുപാടുകൾ ഉണ്ടായതായി വാഹന ഉടമകൾ അറിയിച്ചു. വൈദ്യുതി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ അപകടാവസ്ഥയിൽ നിലനിൽക്കുന്ന വൃക്ഷങ്ങൾ കാരണം നിരവധി ദുരന്തങ്ങളാണ് സംഭവിക്കുന്നത്. വീഴ്ച വരുത്തുന്ന ഇത്തരക്കാർ നീയമ വിധേയമായ പരമാവധി ശിക്ഷ അർഹിക്കുന്നവരാണ്.