സെൽഫി വിത്ത് സപ്ലൈകോ പ്രോഡക്ട്സ്’ മത്സരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ, മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു എന്നിവർക്കൊപ്പം സെൽഫി എടുത്തുകൊണ്ടു നിർവഹിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ എല്ലാ സൂപ്പർമാർക്കറ്റുകൾ വഴിയും മാർച്ചോടെ ഓൺലൈൻ വിൽപ്പന തുടങ്ങുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ വഴി ആരംഭിക്കുന്ന ഓൺലൈൻ വിൽപ്പനയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
15 ഉത്‌പന്നങ്ങൾ 2016-ലെ വിലയ്ക്കാണ് ഇപ്പോഴും നൽകിവരുന്നത്. സ്വകാര്യ മേഖലയോടു മത്സരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾക്കു മുന്നോട്ടുപോകണമെങ്കിൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ആന്റണി രാജു അധ്യക്ഷനായി.
സപ്ലൈകോ ഓൺലൈൻ വിൽപ്പനയുടെ ഉദ്ഘാടനം ആദ്യ ഓർഡർ നൽകി മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ‘സെൽഫി വിത്ത് സപ്ലൈകോ പ്രോഡക്ട്സ്’ മത്സരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രിമാർ ഒരുമിച്ചുള്ള സെൽഫി അപ്‌ലോഡ് ചെയ്തു നിർവഹിച്ചു.
സപ്ലൈകോ വിൽപ്പനശാലകളിലെ സബ്‌സിഡി ഉത്‌പന്നങ്ങൾ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഓൺലൈൻ സംവിധാനത്തിലൂടെ ഹോം ഡെലിവറി ചെയ്യും.
മിൽമ, ഹോർട്ടികോർപ്പ്, മത്സ്യഫെഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്‌പന്നങ്ങളും ഈ ഓൺലൈൻ സൗകര്യമുപയോഗിച്ച് ഓർഡർ ചെയ്യാം.